വോട്ടര്‍മാര്‍ ഇന്ന് ബൂത്തിലേക്ക്
1478645
Wednesday, November 13, 2024 4:52 AM IST
മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഈ മൂന്ന് മണ്ഡലങ്ങളിലെ 6,45,755 പേരാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഇവരില്‍ 3,20,214 പേര് പുരുഷന്മാരും 3,25,535 പേര് സ്ത്രീകളും ആറ് പേര് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുമാണ്.
വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂര്‍ത്തിയായി. ഏറനാട് നിയോജക മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ മഞ്ചേരി ചുള്ളക്കാട് ജിയുപി സ്കൂളിലും നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളിലേത് നിലമ്പൂര്‍ അമല്‍ കോളജിലുമാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ നിലമ്പൂര്‍ അമല്‍ കോളജിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനങ്ങളില്‍ അതത് പോളിംഗ്
സ്റ്റേഷനുകളിലെത്തി ബൂത്തുകള്‍ സജ്ജീകരിച്ചു. 25 ഓക്സിലറി ബുത്തുകള്‍ ഉള്‍പ്പെടെ ആകെ 595 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വനിതാ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഒമ്പത് പോളിംഗ് സ്റ്റേഷനുകളും ഒമ്പത് മാതൃകാ പോളിംഗ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്. 16 മേഖലകളിലായി 26 പ്രശ്ന സാധ്യതാ ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ അധികസുരക്ഷ ഒരുക്കി. ഏറനാട് അഞ്ചും നിലമ്പൂരില്‍ 17 ഉം വണ്ടൂരില്‍ നാലും പ്രശ്ന സാധ്യതാ ബൂത്തുകളാണുള്ളത്. പോളിംഗ് നിരീക്ഷിക്കുന്നതിനുള്ള കണ്ട്രോള് റൂമും വെബ് കാസ്റ്റിംഗ് കണ്ട്രോള് റൂമും മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മൂന്ന് മണ്ഡലങ്ങളിലുമായി റിസര്‍വ് ഉള്‍പ്പെടെ 1424 ബാലറ്റ് യൂണിറ്റുകളും 712 കണ്ട്രോള് യൂണിറ്റുകളും 772 വിവി പാറ്റുകളും വോട്ടുപ്പിന് ഉപയോഗിക്കും. റിസര്‍വിലുള്ളവര്‍ ഉള്‍പ്പെടെ 2975 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ചുമതലകള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഓരോ പോളിംഗ് സ്റ്റേഷനിലും നാല് വീതം ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1300 ലധികം വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പോളിംഗ് ഓഫീസറെ അധികമായി നിയോഗിക്കും. ഇതിന് പുറമെ 67 സെക്ടര്‍ ഓഫീസര്‍മാര്‍, 26 മൈക്രോ ഒബ്സര്‍വര്‍മാര്‍, 570 ബിഎല്‍ഒമാര്‍, 182 റൂട്ട് ഓഫീസര്‍മാര്‍, 54 സ്ക്വാഡ് ലീഡര്‍മാര്‍ എന്നിവരും ചുമതലകളിലുണ്ടാകും. സുരക്ഷാ ചുമതലകള്‍ക്കായി 2500 പോലീസ് ഉദ്യോഗസ്ഥരെയും രണ്ട് കമ്പനി കേന്ദ്ര സേനയെയും മൂന്ന് കമ്പനി സായുധ ബറ്റാലിയന് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
വോട്ട് ചെയ്യാന്‍
13 തിരിച്ചറിയല്‍ രേഖകള്‍
മലപ്പുറം: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ഫോട്ടോ ഐഡി (എപിക്) കാര്‍ഡാണ് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത്. ഇതിന് പുറമേ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൂടി വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡി), സര്‍വീസ് ഐഡി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, തൊഴില്‍ മന്ത്രാലയം നല്കുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എന്‍പിആര്‍ ആര്‍ജിഐ നല്കുന്ന സ്മാര്‍ട്ട് കാര്‍ഡ്, പെന്ഷന് രേഖ, എംപി/എംഎല്‍എ/ എംഎല്‍സിമാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാവുന്നത്.