വയനാട്ടില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാകും: കെ.കെ. ശൈലജ എംഎല്‍എ
1477963
Sunday, November 10, 2024 6:30 AM IST
നിലമ്പൂര്‍: വയനാട്ടില്‍ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ.കെ.ശൈലജ എംഎല്‍എ. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ രാഹുല്‍ഗാന്ധി വയനാട്ടിലെ ജനങ്ങളോട് അതിന് മറുപടി പറയണം. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ് വോട്ടുവാങ്ങി വിജയിച്ച ശേഷം രാജിവച്ചത് എന്ത് അടിസ്ഥാനത്തിലാണ്.
വയനാട്ടുകാരോടുള്ള സ്നേഹം യാഥാര്‍ഥ്യമായിരുന്നെങ്കില്‍ റായ്ബറേലി സീറ്റ് ഒഴിഞ്ഞ് വയനാട് നിലനിര്‍ത്തണമായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി ഇപ്പോള്‍ വയനാട്ടുകാരുടെ സഹോദരിയാണെന്ന് പറഞ്ഞാണ് വോട്ട് തേടുന്നത്. ഇവരുടെ നിലപാടുകള്‍ ജനം വിലയിരുത്തുമെന്നും വയനാട്ടില്‍ എല്‍ഡിഎഫ് ശക്തമായ മുന്നേറ്റം ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ഗാന്ധി രണ്ടാംതവണ മത്സരിച്ചപ്പോള്‍ 2019 ല്‍ ലഭിച്ചതിനേക്കാള്‍ 64,000 ത്തോളം വോട്ടുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞു. വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് സത്യന് മൊകേരി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വലിയ ടെമ്പോ സൃഷ്ടിക്കുകയാണ്.
അമിത പ്രാധാന്യമാണ് നല്‍കുന്നതെന്ന വിമര്‍ശനവും അവര്‍ നടത്തി. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോടുള്ള പഴയ നിലപാടില്‍ തന്നെയാണ് ഇടതുപക്ഷമുള്ളത്. ബിജെപിയുടെ വര്‍ഗീയ നിലപാടിലും ജനദ്രോഹ ഭരണത്തിനും മതേതരത്വം തകര്‍ക്കാനുമുള്ള ശ്രമങ്ങളെ തടയുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാമുന്നണി എന്ന സംവിധാനത്തെ പിന്തുണയ്ക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വടക്കേ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണിയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യാ മുന്നണി എന്നത് രാഷ്ട്രീയ കൂട്ടുകെട്ടല്ലെന്നും അവര്‍ പറഞ്ഞു. നിലമ്പൂര്‍ സിപിഐ ഓഫീസില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പി.പി. സുനീര്‍ എംപി, മന്ത്രി ജി.ആര്. അനില്‍, കയ്പമംഗലം എംഎല്‍എ ടൈസണ്‍, സിപിഐ ജില്ലാ സെക്രട്ടറി കൃഷ്ണദാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. വിറ്റാജ്, സിപിഎം ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷന്,
ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ സമിതി അംഗം അഡ്വ. കെ.പി. സുമതി, നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലിം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് പരുന്തന്‍ നൗഷാദ, സിപിഐ മണ്ഡലം സെക്രട്ടറി മുജീബ് റഹ്മാന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.