വാനിലവില വീണ്ടും മേലോട്ട്: കർഷകർക്ക് സുവർണകാലം
1467433
Friday, November 8, 2024 5:54 AM IST
കരുവാരകുണ്ട്: വാനില കർഷകരിൽ പ്രതീക്ഷയുടെ പുതുഗന്ധം പരത്തി വീണ്ടും വാനിലയുടെ കുതിപ്പ്. കേരളത്തിൽ 1990കളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി നീണ്ട പത്തുവർഷം മോഹവിലയിൽ നിറഞ്ഞാടിയ വാനിലയിൽ പിന്നീട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ടായി.എന്നാലിപ്പോൾ വാനിലയ്ക്ക് സുവർണകാലം തിരിച്ചെത്തുകയാണ്.90 കളിൽ വാനിലയുടെ പച്ച ബീൻസിന് കിലോയ്ക്ക് മൂവായിരം മുതൽ അയ്യായിരം രൂപ വരെയും ഉണക്ക ബീൻസിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം രൂപയും ലഭിച്ചിരുന്നു.പിന്നീട് വാനില മലയോരം കീഴടക്കുകയും വില കുത്തനെയിടിയുകയും ബീൻസ് ഏറ്റെടുക്കാനാളില്ലാതെ വരികയുമുണ്ടായി.
ഇപ്പോൾ പച്ച ബീൻസ് ആയിരം മുതൽ രണ്ടായിരം രൂപയ്ക്ക് വരെ ശേഖരം നടക്കുന്നുണ്ട്. ഇത് ഇനിയും വർധിക്കുമെന്നാണ് സൂചന. എന്നാൽ ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ഇടുക്കി,വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വാനില കൃഷി നടക്കുന്നത്. കേരളത്തിൽ ഇടവിളയായാണ് കൂടുതലും വാനില കൃഷി നടക്കുന്നത്. അതിനാൽ തന്നെ കാര്യമായ വളപ്രയോഗമോ പരിപാലന ചെലവോ ഇതിനു വരുന്നില്ല.
ഈർപ്പം നിലനിൽക്കുന്നതും 35ഡിഗ്രിയിൽ ചൂട് കൂടാത്തതുയായ ഏത് സ്ഥലവും വാനിലയ്ക്കനുയോജ്യമാണ്. വാനിലയുടെ ഒരടി നീളത്തിലുള്ള വള്ളി നട്ടാൽ മൂന്നാം വർഷം പുഷ്പിക്കുകയും ചെയ്യും. ഒരു കിലോ പച്ച ബീൻസ് ഉണക്കിയാൽ കിട്ടുന്നത് 250ഗ്രാം ഉത്പന്നമാണ്. മെക്സിക്കോ, മഡഗാസ്കർ എന്നീ രാജ്യങ്ങളിലാണ് വ്യാവസായികാടിസ്ഥാനത്തിൽ ഇപ്പോഴും വാനില കൃഷി ചെയ്യുന്നത്. എന്തിനേയും പരീക്ഷിക്കാൻ തയാറാകുന്ന കേരളീയ കർഷകർ വീണ്ടും വാനിലയിലേക്ക് തിരിയുന്നതായാണ് സൂചന. നേരത്തെ കൊക്കൊ കൃഷിക്ക് സമാനമായ അനുഭവമാണ് ഇപ്പോൾ വാനിലയ്ക്കും എത്തിപ്പെട്ടിട്ടുള്ളത്.