പ്രിയങ്ക ഗാന്ധിക്ക് അകമ്പാടത്ത് ആവേശകരമായ സ്വീകരണം
1467425
Friday, November 8, 2024 5:54 AM IST
നിലമ്പൂര്‍: വയനാടിന്റെ വികസനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കഗാന്ധി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് കാരണം കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കേണ്ട അവസ്ഥയിലാണ്. തൊഴില്‍ ഇല്ലായ്മ രൂക്ഷമായതോടെ യുവജനങ്ങള്‍ രാജ്യം വിടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എന്നും അവര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ10 വര്‍ഷത്തിനിടയില്‍ തന്റെ സഹോദരന് രാഹുല്‍ഗാന്ധിക്ക് ഏറെ വെല്ലുവിളി നേരിടേണ്ടി വന്നു. ബിജെപിക്കെതിരേയുള്ള പോരാട്ടവും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടവും നടത്തിയത് നിങ്ങളുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. എന്റെ സഹോദരന് പോരാട്ടം തുടരാന്‍ നിങ്ങള്‍ നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഞാന്‍ പ്രത്യേകം നന്ദി പറയുകയാണെന്നും അവർ പറഞ്ഞു.
വയനാടിന്റെ വികസനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അനാസ്ഥയെ വിമര്‍ശിച്ച പ്രിയങ്ക ഗാന്ധി താന്‍ വിജയിച്ചാല്‍ വയനാടിനെ വികസന കുതിപ്പിലേക്ക് നയിക്കുമെന്നും ഉറപ്പ് നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. എഐസിസി ജനറല്‍ സെകട്ടറി കെ.സി. വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍ എംഎല്‍എ, സി.ആര്. മഹേഷ് എംഎല്‍എ, പി.കെ. ബഷീര്‍ എംഎല്‍എ മുന്‍ എംഎല്‍എ ശബരീനാഥ്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, എം.കെ. ഹാരിസ് ബാബു, തോണിയില്‍ സുരേഷ്. ഹാരീസ് ആട്ടിരി, തോണിക്കടവന്‍ ഷാക്കത്ത്, ബെന്നി കൈതോലില്‍, ഹൈദരലി നാലകത്ത്, ഐ.കെ.യൂനസ് സലീം, കല്ലട കുഞ്ഞുമുഹമ്മദ് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി.