അര മണിക്കൂറിനിടയില്‍ 21 തവണ സ്ഫോടന ശബ്ദം; ഉപ്പട ആനക്കല്ലില്‍ ജനം കടുത്ത ഭീതിയില്‍
1467434
Friday, November 8, 2024 5:54 AM IST
എടക്കര: അര മണിക്കൂറിനിടയില്‍ 21 തവണ സ്ഫോടന ശബ്ദം, ഉപ്പട ആനക്കല്ലില്‍ ജനം ഭീതിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ 3.33നാണ് ആദ്യ സ്ഫോടന ശബ്ദമുണ്ടായത്. ഉഗ്രസ്ഫോടന ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന ജനങ്ങള്‍ ഞെട്ടിത്തരിച്ചു. വീടുകളില്‍ നിന്നും ജനങ്ങള്‍ ഇറങ്ങിയോടി. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തുടരെത്തുടരെ ഇരുപതോളം ചെറുതും വലുതുമായ സ്ഫോടന ശബ്ദങ്ങള്‍ ഉണ്ടായി.
മുന്‍പ് ഉണ്ടായ സ്ഫോടന ശബ്ദത്തില്‍ വിള്ളല്‍ വീണ വീടുകളുടെ വിള്ളല്‍ വീണ്ടും വലുതായി. ചുമരുകളില്‍ കൈകള്‍ കടന്നുപേകാന്‍ പാകത്തിന് വിള്ളല്‍ വലുതായിട്ടുണ്ട്. ആനക്കല്ല് കുന്ന് എസ്ടി കോളനി ഭാഗത്താണ് വ്യാഴാഴ്ച ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി ഭൂമിക്കടിയില്‍ നിന്നും ഇരുപത്തിയൊന്ന് സ്ഫോടന ശബ്ദങ്ങള്‍ ഉണ്ടായതും വീടുകള്‍ പ്രകമ്പനം കൊണ്ടതും. ഇതേത്തുടര്‍ന്ന് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ രാത്രി ഞെട്ടിക്കുളം എയുപി സ്കൂളിക്കേ് മാറ്റിയിട്ടുണ്ട്.
വൈകുന്നേരം വില്ലേജ് ഓഫീസര്‍ കെ.പി. വിനോദിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പ്രദശവാസികളുടെ യോഗം വിളിച്ച് ചേര്‍ത്താണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. പകല്‍ സമയങ്ങളില്‍ വീടുകളിലേക്ക് മടങ്ങാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഭൂമിക്കടിയില്‍ നിന്നുള്ള ഉഗ്ര സ്ഫോടന ശബ്ദംമൂലം ജനങ്ങള്‍ ഉറക്കമില്ലാതെ ദുരിതക്കയത്തിലാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സ്ഥലം സന്ദര്‍ശിച്ച ജില്ലാ ഭരണകൂടവും ജിയോളജി വിഭാഗവും അറിയിച്ചത്.
കോഴിക്കോട് എന്‍ഐടിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിശദമായ പഠനം നടത്തുമെന്നും ജനങ്ങളുടെട ആശങ്ക അകറ്റുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല ജനങ്ങള്‍ കടുത്ത ആശങ്കയിലുമാണ്. വൃദ്ധരെയുംരോഗികളെയും കുട്ടികളെയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റിയാണ് ജനങ്ങള്‍ ഇവിടെ ഭയപ്പാടോടെ താമസിക്കുന്നത്.