‘ചാലിയാറിലെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാഹോദര്യത്തിന്റെ ഉദാഹരണം’
1467426
Friday, November 8, 2024 5:54 AM IST
നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ ജനതയുടെ സാഹോദര്യത്തിന്റെ ഉദാഹരണമാണെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏറനാട് നിയോജക മണ്ഡലത്തിലെ അകമ്പാടത്ത് നടന്ന കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. അധികാരത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. വിലക്കയറ്റം മൂലം സമൂഹത്തിലെ സര്‍വ മനുഷ്യരും ബുദ്ധിമുട്ടുന്നു.
രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇവിടത്തെ പൂര്വപിതാക്കന്മാര് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്. കര്‍ഷകരുടെ വിളകള്‍ക്ക് ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ വായ്പയെടുക്കാന്‍ നിര്‍ബന്ധിതമാകുന്നു. താന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച കര്ഷകന് എട്ട് ലക്ഷം രൂപയുടെ കടമാണുള്ളത്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇവര്‍ക്ക് ഒരു സഹായവും ലഭിക്കുന്നില്ല.
ആത്മീയ ടൂറിസം, എക്കോ ടൂറിസം തുടങ്ങി ടൂറിസം മേഖലയ്ക്ക് ഇവിടെ ഒരുപാട് സാധ്യതകളാണുള്ളത്. കഴിഞ്ഞ മൂന്നുമാസമായി ഹോംസ്റ്റേയില്‍ താമസിക്കാന്‍ ആരും വരുന്നില്ല. ഇങ്ങനെ നിരവധി പ്രതിസന്ധികളിലായിരിക്കുന്ന നിങ്ങളെ പിന്തുണയ്ക്കാന്‍ എന്താണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഇവിടെ ഒരുപാട് കഴിവുള്ള ഫുട്ബോള്‍ കളിക്കാരുണ്ട്. അവര്‍ക്ക് മികച്ച സ്റ്റേഡിയങ്ങളും ഗ്രൗണ്ടുകളും പരിശീലനങ്ങളും ക്യാമ്പുകളും ഒരുക്കണം.
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് സാധാരണ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോലും താല്പര്യമില്ല. മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത ആദിവാസി സമൂഹങ്ങള്‍ ഇന്നും വയനാട്ടിലുണ്ടെന്നും അവര്‍ പറഞ്ഞു.