ഗാസയിൽ നാല് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
Monday, January 13, 2025 12:58 AM IST
ടെൽ അവീവ്: ഗാസയിൽ ഹമാസ് തീവ്രവാദികൾക്കെതിരേ പോരാടുന്ന ഇസ്രേലി സേനയിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു. ശനിയാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ നഗരത്തിലായിരുന്നു സംഭവമെന്ന് ഇസ്രേലി സേന അറിയിച്ചു.
നഹാൽ ബ്രിഗേഡിൽ ഉൾപ്പെട്ട സൈനികർ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടനത്തിൽ തകരുകയായിരുന്നു. ബ്രിഗേഡിലെ ഒരു ഓഫീസർക്കും സൈനികനും പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനം ഉണ്ടായതെങ്ങനെയാണെന്നു വ്യക്തമല്ല.
ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങൾ കണ്ടെത്താനായി രണ്ടാഴ്ചയായി ഇസ്രേലി സേന ബെയ്ത് ഹാനൂനിൽ ഓപ്പറേഷൻ നടത്തുന്നു.