ടിബറ്റിൽ ഭൂകന്പം 126 മരണം
Wednesday, January 8, 2025 2:58 AM IST
ലാസ: ടിബറ്റിലുണ്ടായ അതിശക്തമായ ഭൂകന്പത്തിൽ 126 പേർ മരിച്ചു. ഇരുനൂറോളം പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.30ന് ഷിഗാസ്തെ നഗരത്തിലെ ഡിൻഗ്രി കൗണ്ടിയിലാണു ഭൂകന്പമുണ്ടായത്. ആയിരത്തിലേറെ കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂകന്പമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.
അയൽരാജ്യമായ നേപ്പാളിലും ഉത്തരേന്ത്യയിലും ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായി. നേപ്പാളിൽ ആളപായമില്ല. ഏതാനും കെട്ടിടങ്ങൾ തകർന്നു. ഉത്തരേന്ത്യയിൽ ബിഹാർ, ബംഗാൾ, ആസാം സംസ്ഥാനങ്ങളിലാണ് ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായത്.
ഇന്നലെ ആദ്യമുണ്ടായ വൻ ഭൂകന്പത്തിനു പിന്നാലെ നിരവധി തുടർചലനങ്ങളുണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്. 3,000 ദൗത്യസേനാംഗങ്ങളാണു രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണു നിഗമനം.
മരണസംഖ്യ ഉയർന്നേക്കാം. ഡിൻഗ്രി കൗണ്ടിയിലെ ടിസോഗോ ടൗൺഷിപ്പാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ഡിൻഗ്രി കൗണ്ടിയിൽ 61,000 ജനങ്ങളാണ് വസിക്കുന്നത്. ചൈനയുടെ അധീനതയിലുള്ള പ്രദേശമാണു ടിബറ്റ്.
സിഗാസെ എന്നും അറിയപ്പെടുന്ന ഷിഗാസ്തെ ഇന്ത്യയുടെ അതിർത്തിക്കു സമീപമുള്ള നഗരമാണ്. ടിബറ്റിലെ പ്രമുഖ ബുദ്ധമതനേതാവായ പഞ്ചൻ ലാമയുടെ ആസ്ഥാനമാണ് ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാസ്തെ.
ബുദ്ധ മതത്തിൽ ദലൈലാമ കഴിഞ്ഞാൽ രണ്ടാം സ്ഥാനമുള്ള ആത്മീയ നേതാവാണു പഞ്ചൻ ലാമ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഷിഗാസ്തെ നഗരത്തിന്റെ 200 കിലോമീറ്ററിനുള്ളിൽ മൂന്നോ അതിലധികമോ തീവ്രതയുള്ള 29 ഭൂകന്പങ്ങൾ ഉണ്ടായിട്ടുണ്ട്. 2015ൽ നേപ്പാളിലുണ്ടായ ഭൂകന്പത്തിൽ 9,000 പേർ മരിച്ചിരുന്നു.
ഡാമുകൾക്കു കേടുപാടില്ലെന്ന് ചൈന
ബെയ്ജിംഗ്: ടിബറ്റിലുണ്ടായ ഭൂകന്പത്തിൽ രാജ്യത്തെ ഡാമുകൾക്കും ജലസംഭരണികൾക്കും കേടുപാടില്ലെന്ന് ചൈന അറിയിച്ചു. ടിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ ലോകത്തെ ഏറ്റവും വലിയ ഡാം നിർമിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ വിശദീകരണം. ചൈനയുടെ ഡാമിനെതിരേ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.