ഇസ്രേലികളുടെ ബസിനു നേർക്ക് വെടിവയ്പ്; മൂന്നു മരണം
Monday, January 6, 2025 11:05 PM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഇസ്രേലികൾ സഞ്ചരിച്ചിരുന്ന ബസിനു നേർക്ക് തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരിക്കേറ്റു.
പലസ്തീനിയൻ ഗ്രാമമായ അൽ-ഫൻദഖിലാണ് ആക്രമണമുണ്ടായത്. അറുപതിനു മേൽ പ്രായമുള്ള രണ്ടു സ്ത്രീകളും നാൽപ്പതു വയസുള്ള പുരുഷനുമാണു കൊല്ലപ്പെട്ടതെന്ന് ഇസ്രയേലിന്റെ മേഗൻ ഡേവിഡ് ആദോം റെസ്ക്യൂ സർവീസ് അറിയിച്ചു.
അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചു. അക്രമികളെ വെറുതെ വിടില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തെ ഹമാസ് തീവ്രവാദികൾ പുകഴ്ത്തി.
എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തില്ല. 1967ൽ ഇസ്രയേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിൽ 30 ലക്ഷം പലസ്തീനികൾ വസിക്കുന്നു. ഇവിടെ അഞ്ചു ലക്ഷത്തോളം ഇസ്രേലി പൗരന്മാരുമുണ്ട്.