ഹമാസ് പോലീസ് മേധാവി കൊല്ലപ്പെട്ടു
Friday, January 3, 2025 12:37 AM IST
കയ്റോ: തെക്കൻ ഗാസയിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ പോലീസ് മേധാവി അടക്കം 11 പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനിസ് നഗരത്തിനു പടിഞ്ഞാറ് പലസ്തീൻ അഭയാർഥികൾ കൂടാരമടിച്ചു താമസിക്കുന്ന അൽ മവാസിയിലായിരുന്നു ആക്രമണം. രണ്ടു കുട്ടികളും മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഹമാസിന്റെ പോലീസ് വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് സലായും സഹായി ഷാവാനും ആക്രമണത്തിൽ മരിച്ചു.
ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രേലി സേന സുരക്ഷിതമായി പ്രഖ്യാപിച്ച മേഖലയാണ് അൽ മവാസി. എന്നാൽ, ഇവിടെ കൂടെക്കൂടെ ആക്രമണം നടക്കാറുണ്ട്.