ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യഹർജി തള്ളി
Friday, January 3, 2025 2:32 AM IST
ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യഹർജി ചട്ടോഗ്രാമിലെ മെട്രോപോളിറ്റൻ സെഷൻസ് കോടതി തള്ളി.
കൃഷ്ണദാസിനായി 11 അഭിഭാഷകരുടെ സംഘം ഹാജരായിരുന്നു. കഴിഞ്ഞ വർഷം നവംബർ 25ന് ധാക്കയിലെ ഹസ്രത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് ചിന്മയ് ദാസ് അറസ്റ്റിലായത്.
രാജ്യദ്രോഹക്കുറ്റം ആരോപിച്ചായിരുന്നു അറസ്റ്റ്. ബംഗ്ലാദേശ് ദേശീയപതാകയെ അപമാനിച്ചു എന്നതാണ് ചിന്മയ് ദാസിനെതിരേ ആരോപിക്കുന്ന കുറ്റം. നവംബർ 26ന് ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
ഇസ്കോൺ മുൻ നേതാവായ ചിന്മയ് ദാസ് നിലവിൽ ബംഗ്ലാദേശ് സമ്മളിത സനാതനി ജാഗ്രൺ ജോതെ എന്ന സംഘടനയുടെ വക്താവാണ്.