ട്രംപിന്റെ ഹോട്ടലിനു മുന്നിൽ ടെസ്ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു
Friday, January 3, 2025 12:37 AM IST
ലാസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗസ് നഗരത്തിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിൽ ഇലക്ട്രിക് പിക്കപ്പ് ട്രക് പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു.
ന്യൂ ഓർലിയൻസിൽ ഭീകരാക്രമണമുണ്ടായി മണിക്കൂറുകൾക്കമായിരുന്നു സംഭവം. ഇതു ഭീകരാക്രമണം ആണോ എന്നും ന്യൂ ഓർലിയൻസ് സംഭവവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നു.
ട്രംപിനെ പിന്തുണയ്ക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്ല കന്പനി നിർമിക്കുന്ന സൈബർ പിക്കപ്പ് ട്രക്ക് ആണു പൊട്ടിത്തെറിച്ചത്.
ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽനിന്നു പുക ഉയരുകയും തുടർന്ന് സ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ട്രക്കിൽ ഇന്ധനവും പടക്കങ്ങളുമാണു സൂക്ഷിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊളറാഡോയിൽനിന്നു വാടകയ്ക്കെടുത്ത ട്രക്ക് ബുധനാഴ്ച രാവിലെയാണു ലാസ് വേഗസിലെത്തിയത്. ഡ്രൈവറെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപുമായോ മസ്കുമായോ ആക്രമണത്തിനു ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി എഫ്ബിഐ അറിയിച്ചു. ലാസ് വേഗസ് സംഭവത്തിന് ന്യൂ ഓർലിയൻസ് ഭീകരാക്രമണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചു.