കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു
Monday, January 6, 2025 11:05 PM IST
ടൊറൊന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. ലിബറൽ പാർട്ടി നേതൃസ്ഥാനവും ട്രൂഡോ ഒഴിഞ്ഞു.
പുതിയ നേതാവിനെ ലിബറൽ പാർട്ടി തെരഞ്ഞെടുക്കുന്നതു വരെ ട്രൂഡോ(53) പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്ന് ഒട്ടാവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രൂഡോ അറിയിച്ചു. പത്തു വർഷത്തെ ട്രൂഡോ ഭരണത്തിനാണ് അന്ത്യമാകുന്നത്.
2015ലാണ് ജസ്റ്റിൻ ട്രൂഡോ ആദ്യമായി കനേഡിയൻ പ്രധാനമന്ത്രിയായത്. അന്ന് 43 വയസായിരുന്നു അദ്ദേഹത്തിന്. കാനഡയുടെ ചരിത്രത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.
ട്രൂഡോയുമായുള്ള ഭിന്നതയുടെ പേരിൽ കഴിഞ്ഞ മാസം ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചിരുന്നു. ഈ വർഷം കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ട്രൂഡോയുടെ ജനപ്രീതിയിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. അഴിമതികളും ജനവിരുദ്ധ നയങ്ങളും ട്രൂഡോയ്ക്കു തിരിച്ചടിയായി. ട്രൂഡോ രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയിലെ ഒരു ഡസനിലേറെ എംപിമാർ ആവശ്യപ്പെട്ടിരുന്നു.
മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, മാർക്ക് കാർണി, വിദേശകാര്യ മന്ത്രി മെലാനി ജോളി, ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് എന്നിവരെയാണ് പകരം പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്.