വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത
Tuesday, January 7, 2025 2:19 AM IST
വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കൂരിയയിലെ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇറ്റലിക്കാരിയാണ് സിസ്റ്റർ സിമോണ.
ചരിത്രത്തിൽ ആദ്യമായാണ് വത്തിക്കാൻ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോ-പ്രീഫെക്ടായി സ്പെയിൻകാരനായ കർദിനാൾ എംഗൽ ഫെർണാണ്ടസ് ആർതിമേ എസ്ഡിബിയും നിയമിതനായി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊൺസൊലാത്ത മിഷണറീസ് എന്ന സന്യാസസമൂഹത്തിൽ അംഗമായ സിസ്റ്റർ സിമോണ ഈ കാര്യാലയത്തിന്റെ അംഗമായി 2019 മുതലും സെക്രട്ടറിയായി 2023 മുതലും പ്രവർത്തിച്ചുവരികയായിരുന്നു. അറുപതുകാരിയായ സിസ്റ്റർ സിമോണ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
മൊസാംബിക്കിൽ പ്രേഷിതപ്രവർത്തനം നടത്തിയിട്ടുള്ള സിസ്റ്റർ നഴ്സിംഗ് ജോലി ഉപേക്ഷിച്ച് സന്യാസം തെരഞ്ഞെടുത്ത വ്യക്തിയാണ്. സലേഷ്യൻ സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറലായിരിക്കേ, 2023ൽ കർദിനാളായി നാമനിർദേശം ചെയ്യപ്പെട്ട ആർതിമേ (65) അതേ വർഷം മുതൽ ഈ കാര്യാലയത്തിൽ അംഗമായിരുന്നു.
ഫ്രാൻസിസ് മാർപാപ്പയുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് വത്തിക്കാൻ കാര്യാലയങ്ങളിൽ കൂടുതൽ വനിതകളെ നിയമിക്കുകയെന്നതാണ്. വിവിധ വത്തിക്കാൻ ഓഫീസുകളിലെ സ്ത്രീപ്രാതിനിധ്യം 2013-2023 കാലയളവിൽ 19.2ൽനിന്ന് 23.4 ശതമാനമായി ഉയർന്നിട്ടുണ്ട്.
റോമൻ കൂരിയയുടെ പരിഷ്കരണം സംബന്ധിച്ച് 2022ൽ പുറത്തിറക്കിയ ‘പ്രെദിക്കാത്തേ എവാൻഗെലിയും’ എന്ന രേഖയനുസരിച്ച് മേലിൽ വത്തിക്കാൻ കാര്യാലയങ്ങളുടെ അധ്യക്ഷസ്ഥാനത്തേക്ക് സ്ത്രീകളുൾപ്പെടെയുള്ള അല്മായരെയും നിയമിക്കാവുന്നതാണ്. നേരത്തേ ആർച്ച്ബിഷപ്പുമാരോ കർദിനാൾമാരോ മാത്രമാണു പ്രീഫെക്ടുമാരായി നിയമിതരായിട്ടുള്ളത്.