കാനഡയെ അമേരിക്കയുമായി ലയിപ്പിക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് ട്രംപ്
Wednesday, January 8, 2025 1:46 AM IST
ന്യൂയോര്‍ക്ക്: കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ വാഗ്ദാനം.
“കാനഡയിലെ പലരും അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാന്‍ ഇഷ്ടപ്പെടുന്നു. കാനഡയ്ക്ക് നിലനില്ക്കാന് ആവശ്യമായ വലിയ വ്യാപാരക്കമ്മിയും സബ്സിഡിയും ഇനി അമേരിക്കയ്ക്കു സഹിക്കാന്‍ കഴിയില്ല. ജസ്റ്റിന് ട്രൂഡോയ്ക്ക് ഇത് അറിയാമായിരുന്നു, അദ്ദേഹം രാജിവച്ചു.
കാനഡ യുഎസില്‍ ലയിച്ചാല്‍ താരിഫുകള്‍ ഉണ്ടാകില്ല, നികുതികള്‍ വളരെയധികം കുറയും. കൂടാതെ അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍നിന്ന് അവര്‍ പൂര്‍ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ച്, എത്ര മഹത്തായ രാഷ്ട്രമായിരിക്കും അത്’’ - ട്രൂഡോയുടെ രാജിക്കുശേഷം ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
മുന്‍പ് യുഎസ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു
ട്രംപിന്റെ നിര്‍ദേശത്തോട് കാനഡയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
യുഎസുമായുള്ള തെക്കന്‍ അതിര്‍ത്തിയില്‍നിന്നുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് കാനഡയ്ക്കു തടയാന്‍ കഴിയുന്നില്ലെങ്കില്‍ കനേഡിയന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.