ടിബറ്റ് ഭൂകന്പം: 400 പേരെ രക്ഷപ്പെടുത്തി
Thursday, January 9, 2025 2:34 AM IST
ലാസ: ടിബറ്റിലെ ഷിഗാറ്റ്സെ പ്രദേശത്തുണ്ടായ ഭൂകന്പത്തിൽ കുടുങ്ങിയവർക്കായി ഊർജിത രക്ഷാപ്രവർത്തനം. താപനില മൈനസ് ഡിഗ്രി സെൽഷസ് ആയതിനാൽ എത്രയും വേഗം എല്ലാവരെയും കണ്ടെത്താനാണു ശ്രമം. ഇന്നലെ നാനൂറിലധികം പേരെ രക്ഷപ്പെടുത്തിയെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ചയുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ 126 പേർ മരിക്കുകയും 188 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും കുലുക്കമുണ്ടായി. ടിബറ്റിൽ മാത്രമാണു മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ടിബറ്റിൽ എത്ര പേരെ കാണാതായി എന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എട്ടു ലക്ഷം പേർ വസിക്കുന്ന ഷിഗാറ്റ്സെയിൽ 3,609 വീടുകൾ തകർന്നു. 46,500 പ്രദേശവാസികളെയും 484 ടൂറിസ്റ്റുകളെയും ഒഴിപ്പിച്ചു മാറ്റി. രക്ഷാപ്രവർത്തനത്തിനായി 14,000 പേരെ വിന്യസിച്ചുവെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇന്നലെ താപനില മൈനസ് 18 ഡിഗ്രി സെൽഷസ് ആയിരുന്നു.
ഷിഗാറ്റ്സെയിൽ അറുപതിനായിരം പേർ വസിക്കുന്ന ഡിൻഗ്രി ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിൽ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന പ്രദേശമാണിത്. ടിബറ്റൻ ബുദ്ധ മതത്തിലെ പ്രധാനിയായ പഞ്ചൻ ലാമയുടെ ആസ്ഥാനവും ഡിൻഗ്രി ആണ്.
1447ൽ ഒന്നാം ദലൈലാമ സ്ഥാപിച്ച തഷിൽഹുൻപൊ ബുദ്ധക്ഷേത്രത്തിനു ഭൂകന്പത്തിൽ തകരാറുണ്ടായില്ല.
ഇന്ത്യയിൽ പ്രവാസത്തിൽ കഴിയുന്ന ഇപ്പോഴത്തെ ദലൈലാമ ടിബറ്റിലെ ഭൂകന്പത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ചു.