സ്വത്ത് മുഴുവൻ പെൻഷൻസംഘടനയ്ക്ക് ദാനമായിനൽകി ദമ്പതികൾ
1489427
Monday, December 23, 2024 4:15 AM IST
വടക്കാഞ്ചേരി: സർക്കാർ ജീവനക്കാരായിരുന്ന ദമ്പതികൾ സ്വത്തുക്കൾ മുഴുവൻ പെൻഷൻസംഘടനയ്ക്ക് ദാനമായി നൽകി.
തെക്കുംകര പഞ്ചായത്തിലെ കരുമത്ര പെട്രോൾപമ്പിന് സമീപം താമസിച്ചിരുന്ന മുല്ലയ്ക്കൽവീട്ടിൽ പത്മനാഭൻ, വിലാസിനി(മത്തമ്മ) ദമ്പതികളാണ് ഏഴുസെന്റ് ഭൂമിയും കോൺക്രീറ്റ് വീടും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തെക്കുംകര യൂണിറ്റിന് കൈമാറിയത്. വൈദ്യുതിവകുപ്പ് ജീവനക്കാരനായിരുന്ന പത്മനാഭൻ 2004ൽ മരിച്ചു. റവന്യുവകുപ്പിൽനിന്ന് സുപ്രണ്ടായി വിരമിച്ച വിലാസിനി കഴിഞ്ഞ വർഷമാണ് മരിച്ചത്. ഇരുവരും സ്വത്ത് കെഎസ്എസ്പിയുവിന് കൈമാറുന്നതിനു വിൽപ്പത്രം എഴുതിവയ്ക്കുകയും ഭാരവാഹികൾക്ക് കൈമാറുകയുംചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഘടന ഏറ്റെടുത്തസ്ഥലം ഇരുവരുടേയും സ്മാരകമാക്കി മുല്ലയ്ക്കൽ മത്തമ്മ നിലയമെന്ന് പേരിട്ടു.
വിലാസിനിയുടെ ഒന്നാം ചരമവാർഷികദിനമായ ഇന്നലെ രാവിലെനടന്ന അനുസ്മരണയോഗം ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭരതൻ അധ്യക്ഷതവഹിച്ചു. വിലാസിനിയുടെ സഹോദരപുത്രൻ മോഹനൻ വീടിന്റെ താക്കോലും രേഖകളും കൈമാറി. സംസ്ഥാനകമ്മിറ്റി അംഗം എ. രാമചന്ദ്രൻ വിലാസിനിയുടെ ഛായാചിത്രം അനാഛാദനംചെയ്തു. ഭാരവാഹികളായ എം.എൻ. കൃഷ്ണൻകുട്ടി, സി.ഇ. ഷെയ്ക്ക് അബ്ദുള്ള, എം.എസ്. ഏല്യാമ്മ തുടങ്ങിയവർ പ്രസംഗിച്ചു.