മനസുനിറയ്ക്കും മാരിവിൽ വർണങ്ങൾ
1489122
Sunday, December 22, 2024 6:20 AM IST
തൃശൂർ: ആഘോഷരാവുകൾ സമ്മാനിക്കാൻ കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെ അലങ്കാര ലൈറ്റുകൾ ക്രിസ്മസ് വിപണിയിൽ തരംഗമാകുന്നു. എണ്ണിയാൽ തീരാത്തത്ര ഡിസൈനുകളിലും വർണങ്ങളാലും കോർത്തിണക്കിയുള്ള മാലബൾബുകളിൽ ഏതെടുക്കും, എത്രയെടുക്കുമെന്ന ആശയക്കുഴപ്പം ഉറപ്പ്. ഒരിടത്ത് നിയോണ്‍ ലൈറ്റുകളുടെ വിസ്മയക്കാഴ്ച, മറുവശത്ത് ഒന്നുനോക്കിയാൽ കണ്ണെടുക്കാൻപോലും കഴിയാത്തവിധം നിറക്കൂട്ടുകളുടെ മാസ്മരികലോകം സമ്മാനിക്കുന്ന ഇത്തിരിക്കുഞ്ഞൻ ബൾബുകൾ. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇവയ്ക്ക് വില തുച്ഛമാണെങ്കിലും ഗുണം മെച്ചമാണെന്ന് തെളിയിക്കുകയാണ് ക്രിസ്മസ് വിപണി.
45 രൂപ മുതൽ 1000 രൂപ വരെ വിലവരുന്ന മാലബൾബുകളുടെ കൂട്ടത്തിൽ ചുവപ്പ്, പച്ച, വാം ലൈറ്റുകൾക്കാണ് ആവശ്യക്കാരേറെയും എത്തുന്നത്. ഇവയിൽ തന്നെ ക്യൂബ് സ്റ്റാർ, ബോട്ടിൽ, ഡയമണ്ട്, പിക്സൽ, കോക്രോച്ച് ലൈറ്റ് തുടങ്ങിയ ഫാൻസി ഐറ്റംസ് ഏറെ ശ്രദ്ധേയം. ഇലകൾകൊണ്ട് അലങ്കരിച്ച ലീഫ്ലൈറ്റും കാഴ്ചക്കാരുടെ കണ്ണും മനസും കീഴടക്കിയാണ് ആവേശമാകുന്നത്.
ഇവയ്ക്കുപുറമെ റിമോട്ടും മൊബൈൽ ആപ്പും ഉപയോഗിച്ച് നിറങ്ങളുടെ മാരിവിൽവർണങ്ങൾ സമ്മാനിക്കുന്ന ഫയർ ലൈറ്റ് സ്ട്രിപ്പ് വിപണിയിൽ തരംഗമാണ്. ക്രിസ്മസിനുശേഷവും വീടിന് അലങ്കാരമായി ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ഒട്ടേറെപ്പേർ ഇത്തരം സ്ട്രിപ്പുകൾ ആവശ്യപ്പെട്ട് എത്തുന്നുണ്ടെന്ന് വില്പനക്കാർ പറയുന്നു. ഫാൻസി ലൈറ്റുകൾക്ക് 450 രൂപ മുതലാണ് വില. ജെല്ലി ടൈപ്പ് 150 മുതൽ 450 രൂപവരെയും, ഡയമണ്ട് -350, ഗോൾഡൻ -150, ഫയർ ലൈറ്റ് -450 എന്നിങ്ങനെയും വിലവരുന്നു.
ഡിമാൻഡ് നിയോണ്‍ ലൈറ്റിനുതന്നെ
നിയോണ്‍ ലൈറ്റുകൾക്ക് ഇത്തവണ ഡിസൈ നുകളേറെയാണ്. കണ്ടുമറന്ന നിയോണ്‍ സ്റ്റാർ, മാൻ, ബെൽസ് എന്നിവയ്ക്കു പുറമെ ഇത്തവണ തിരുകുടുംബവും ട്രീയും റെയിൻ ഡിയറും ക്രിസ്മസ് പാപ്പയുടെ വണ്ടിയും മാലാഖയും ഗാർനെറ്റും ഉൾപ്പെടെ വൈവിധ്യങ്ങളുടെ വിപുലമായ ശ്രേണിയാണ് വിപണിയിലുള്ളത്.
500 രൂപ മുതലാണ് നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. ഗാർനെറ്റ്, എയ്ഞ്ചൽ, സാന്താക്ളോസ്, ട്രീ എന്നിവയ്ക്ക് വില 1000 മുതൽ തുടങ്ങുന്നു. തിരുകുടുംബത്തിന് 1750ഉം സാന്താക്ലോസിന്റെ വണ്ടിക്ക് 2400ഉം രൂപയാണ് വില.
സി.ജി. ജിജാസൽ