പകുതിവില തട്ടിപ്പ്: കോടതിയെ സമീപിക്കാനൊരുങ്ങി ഇരകൾ
1516928
Sunday, February 23, 2025 5:13 AM IST
മാനന്തവാടി: പകുതിവില തട്ടിപ്പ് ഇരകൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. തട്ടിപ്പുകാർക്കെതിരേ ജില്ലാ ഭരണകൂടവും പോലീസും കർശന നടപടിക്ക് മുതിരാത്ത സാഹചര്യത്തിലാണ് ഇരകളുടെ നീക്കം.
പാറത്തോട്ടം കർഷിക വികസന സമിതി, സീഡ്, ദ്വാരക അക്ഷയ കേന്ദ്രം, കണിയാരം അക്ഷയ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലൂടെ രജിസ്റ്റർ ചെയ്ത് പണം അടച്ച 300 ഓളം പേരാണ് മാനന്തവാടി മേഖലയിൽ മാത്രം തട്ടിപ്പിനിരയായത്. സ്കൂട്ടർ ലഭിക്കുന്നതിന് നിരവിധി പേർ വിവിധ ഏജൻസികൾ വഴി പണം നൽകി.
ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കു പണം അടച്ചവരും ഉണ്ട്. പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഇല്ലെന്ന് തട്ടിപ്പ് ഇരകൾ പറയുന്നു. നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരകൾ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനിടെ, തട്ടിപ്പ് ഇരകളുമായി 27ന് രാവിലെ കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ആർജെഡി ജില്ലാ വൈസ് പ്രസിഡന്റ് അസീസ് കൊടക്കാട്ട് അറിയിച്ചു.