ചങ്കിൽ തറയ്ക്കുന്ന ചോദ്യങ്ങളുമായി ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി
1516881
Sunday, February 23, 2025 4:18 AM IST
ചൂരൽമലയിലും മുണ്ടക്കൈയിലും കുടിൽകെട്ടൽ സമരം ഇന്ന്
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികളടക്കം നൽകിയ 722 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇല്ലേ? ദുരന്ത ബാധിത കുടുംബങ്ങൾക്കായി 1,011 വീടുകൾ നിർമിക്കുന്നതിന് വിവിധ പ്രസ്ഥാനങ്ങൾ സന്നദ്ധത അറിയിച്ചതല്ലേ? ദുരന്തബാധിതരുടെ പുനരധിവാസത്തിന് 100 ഏക്കർ ഭൂമി മതിയാകില്ലേ?
ഇത്രയും ഭൂമി വിലയ്ക്കു വാങ്ങുന്നതിന് 100 കോടി രൂപ പര്യാപ്തമല്ലേ? എന്നിട്ടും എന്തേ പുനരധിവാസത്തിൽ മെല്ലെപ്പോക്ക്? ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടേതാണ് നെഞ്ചിൽ തറയ്ക്കുന്ന ഈ ചോദ്യങ്ങൾ.
പുഞ്ചിരിമട്ടം ദുരന്തബാധിത കുടുംബങ്ങളുടെ പുനരധിവാസം വൈകുകയാണ്. ദുരന്തം നടന്ന് ആറു മാസം പിന്നിട്ടിട്ടും പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങൾക്കായുള്ള ഭവന നിർമാണം തുടങ്ങിയില്ല. പുനരധിവാസ പദ്ധതി ഗുണഭോക്താക്കളുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. പുനരധിവാസത്തിന് പ്രയോജനപ്പെടുത്താൻ കണ്ടെത്തിയ ഭൂമികളുമായി ബന്ധപ്പെട്ട നിയമ-സാങ്കേതിക കുരുക്കുകൾ പൂർണമായും അഴിഞ്ഞിട്ടില്ല.
ഇത് ദുരന്ത ബാധിതരിൽ ആശങ്കയുടെ തീ ആളിക്കത്തുന്നതിനു കാരണമാകുകയാണ്. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാൻ സർക്കാർ തലത്തിൽ നീക്കമുണ്ടെന്ന സന്ദേഹവും അവരിൽ അലോസരം സൃഷ്ടിക്കുകയാണ്.
ഇതിനകം കണ്ടെത്തിയ സ്ഥലങ്ങളിൽ പുനരധിവാസം വൈകുമെങ്കിൽ സർക്കാർ നിയമ-സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്ത ഭൂമി വിലയ്ക്കുവാങ്ങി ടൗണ്‍ഷിപ്പ് സജ്ജമാക്കുന്നതാണ് ഉചിതമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഷാജിമോൻ ചൂരൽമല, ജോയിന്റ് കണ്‍വീനർ സെയ്തലവി ചെറിയാൻ, ചെയർമാൻ നസീർ ആലയ്ക്കൽ, വൈസ് ചെയർമാൻ കെ. ജിജീഷ്കുമാർ എന്നിവർ പറഞ്ഞു.
500ൽ താഴെ കുടുംബങ്ങൾക്കാണ് പാർപ്പിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടത്. സ്ഥലം ലഭ്യമാക്കിയാൽ ഭവന നിർമാണത്തിന് സന്നദ്ധ പ്രസ്ഥാനങ്ങളും മറ്റും തയാറാണ്. ഈ സാധ്യത സർക്കാർ കാണാതെപോകുന്നത് ദൗർഭാഗ്യകരമാണ്.
സ്വന്തം നിലയ്ക്ക് പുനരധിവാസം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന സർക്കാർ നിലപാട് അനുചിതമാണ്. ഭവന നിർമാണത്തിന് സന്നദ്ധത അറിയിച്ചവരോട് വീട് ഒന്നിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ലഭ്യമാക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നിരിക്കേയാണ് പുനരധിവാസം സ്വന്തം നിലയ്ക്ക് നടത്തുന്നവർക്ക് 15 ലക്ഷം എന്ന നിലപാട്. ഇത് വിചിത്രമാണ്.
ദുരന്തം നടന്നതിനു പിന്നാലെ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന യോഗം വാസയോഗ്യമല്ലാതായി മാറിയ പ്രദേശങ്ങളിലേതടക്കം 1023 കുടുംബങ്ങളുടെ പുനരധിവാസം നടത്തേണ്ടതുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. പുനരധിവാസത്തിന് നിലവിൽ പ്രസിദ്ധപ്പെടുത്തിയ ആദ്യഘട്ടം ഗുണഭോക്തൃ പട്ടികയിൽ 242 പേരാണുള്ളത്. അടുത്ത പട്ടികയിൽ 200 പേർ ഉൾപ്പെട്ടേക്കാം. ഇത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ വ്യഗ്രതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഉരുൾ ദുരന്തത്തിൽ കൃഷിയും കെട്ടിടങ്ങളും നശിച്ചവർക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തുന്നില്ല. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മുഴുവൻ വ്യക്തികൾക്കും ജോലി നൽകാൻ കൂട്ടാക്കുന്നില്ല. ദുരന്തബാധിതരുടെ പുനരധിവാസത്തേക്കൾ മറ്റു കാര്യങ്ങളിലാണ് സർക്കാരിന് താത്പര്യമെന്നു സംശയിക്കണം.
പുനരധിവാസ പദ്ധതി നിർവഹണത്തിൽ സർക്കാർ പുലർത്തുന്ന നിസംഗതയ്ക്കെതിരേ ശക്തമായി രംഗത്തുവരാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് ചൂരൽമലയിലും മുണ്ടക്കൈയിലും കുടിൽകെട്ടൽ സമരം നടത്തും. രണ്ടിടങ്ങളിലും കൈവശത്തിലായിരുന്ന സ്ഥലങ്ങളിലാണ് ദുരന്തബാധിതർ രാവിലെ ഒന്‍പത് മുതൽ കുടിൽ കെട്ടുക. വിവിധ പാർട്ടികളും സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ചതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.