സാമഗ്രികൾ ഇറക്കിയിട്ടും ഫെൻസിംഗ് നിർമാണം തുടങ്ങിയില്ല
1516920
Sunday, February 23, 2025 5:13 AM IST
തൃശിലേരി: സാമഗ്രികൾ ഇറക്കിയിട്ടും ഫെൻസിംഗ് നിർമാണം തുടങ്ങാത്തതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. മുത്തുമാരി വനാതിർത്തിയിലെ കാട്ടാന പ്രതിരോധ വേലിയുടെ നിർമാണമാണ് വൈകുന്നത്. കാട്ടാനശല്യം കലശലായ സാഹചര്യത്തിലാണ് വേലി നിർമാണം തീരുമാനിച്ചത്. ഇതേത്തുടർന്ന് അഞ്ചുമാസം മുന്പ് എത്തിച്ച സാമഗ്രികൾ പ്രദേശത്തെ വീട്ടുമുറ്റത്തും പരിസരത്തും ഇറക്കിയതല്ലാതെ പ്രവൃത്തി തുടങ്ങിയില്ല.
സാമഗ്രികൾ കാടുകയറി കിടക്കുകയാണ്. ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയാണ് വേലി നിർമാണം തുടങ്ങാത്തതിനു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടാനശല്യം വർധിക്കുന്ന മഴക്കാലത്തിനു മുന്പ് വേലിയുടെ പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.