വേനൽ കനത്തു: പാൽ ഉത്പാദനം കുറഞ്ഞു
1516927
Sunday, February 23, 2025 5:13 AM IST
സുൽത്താൻ ബത്തേരി: വെയിലിന്റെ കാഠിന്യം വർധിച്ചതോടെ ഉണ്ടായ പച്ചപ്പുൽ ദൗർലഭ്യം ജില്ലയിൽ പാൽ ഉത്പാദനം കുറയുന്നതിനു കാരണമായി. കർഷകർ അളക്കുന്ന പാലിന്റെ അളവിൽ ഗണ്യമായ ഇടിവുണ്ടായതായി ക്ഷീരസംഘം അധികൃതർ പറയുന്നു. പാൽ ഉത്പാദത്തിന് അത്യന്താപേക്ഷിതമായ തീറ്റയാണ് പച്ചപ്പുല്ല്. തോട്ടങ്ങളിൽ പച്ചപ്പുല്ല് പേരിനുപോലും ഇല്ല. വേനൽച്ചൂട് പുൽക്കൃഷിയെയും ബാധിച്ചു.
ബത്തേരി മിൽക്ക് സൊസൈറ്റി ഒഴികെ ജില്ലയിലെ ക്ഷീര സംഘങ്ങൾ സംഭരിക്കുന്ന പാൽ മിൽമയ്ക്കാണ് നൽകുന്നത്. സംഘങ്ങൾ മുഖേന മിൽമയ്ക്കു ലഭിക്കുന്ന പാലിന്റെ അളവും കുറഞ്ഞിരിക്കയാണ്.
ബത്തേരി ക്ഷീരസംഘം സ്വന്തം നിലയ്ക്കാണ് പാലും പാൽ ഉത്പന്നങ്ങളും ജില്ലയ്ക്ക് അകത്തും പുറത്തും വിൽക്കുന്നത്. വയനാട് മിൽക് എന്ന ബ്രാൻഡിലാണ് പാൽ വിപണിയിൽ എത്തിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യം കർഷകർ ഉയർത്തുന്നുണ്ട്.
കർഷകരെ സഹായിക്കുന്നതിന് ക്ഷീരസംഘങ്ങൾ സാധ്യമായ ഇടപെടൽ നടത്തുന്നുണ്ട്. പല സംഘങ്ങളും കർണാടകയിൽനിന്നു കാലിത്തീറ്റയായി എത്തിക്കുന്ന ചോളത്തണ്ട് സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.