ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം: യുഡിഎഫ് സമരമുഖം തുറക്കുന്നു
1516919
Sunday, February 23, 2025 5:13 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സമരമുഖം തുറക്കുന്നു.
പുനരധിവാസം വേഗത്തിലാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കൽ രാപകൽ ഉപവാസം, കളക്ടറേറ്റ് വളയൽ, സെക്രട്ടേറിയറ്റ് മാർച്ച് എന്നിവ നടത്തുമെന്ന് ടി. സിദ്ദിഖ് എംഎൽഎ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ, കണ്‍വീനർ ഗിരീഷ് കൽപ്പറ്റ, കെപിസിസി മെംബർ പി.പി. ആലി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍ ദേവ്, കഐസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എംഎൽഎ നേതൃത്വം നൽകുന്ന രാപകൽ ഉപവാസം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. 28ന് രാവിലെ യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളയും. ഏപ്രിൽ 15നകം സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. ഇത് ഫലം ചെയ്യുന്നില്ലെങ്കിൽ ജില്ലാ ആസ്ഥാനത്ത് അനിശ്ചിതകാല സമരം തുടങ്ങും. ദുരന്ത നിവാരണത്തിലും പുനരധിവാസത്തിലും സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് എംഎൽഎയും യുഡിഎഫ് നേതാക്കളും പറഞ്ഞു.
ദുരന്തം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ പൂർണ പട്ടിക തയാറാക്കാൻപോലും കഴിഞ്ഞില്ല. എത്ര കുടുംബങ്ങൾ ദുരന്തത്തിന് ഇരകളായി എന്നതിൽ സർക്കാരിന് വ്യക്തതയില്ല. പുനരധിവാസത്തിന് 242 പേരുടെ പട്ടികയാണ് ഇതിനകം തയാറാക്കിയത്. അടുത്ത ഘട്ടം പട്ടിക എപ്പോൾ പ്രസിദ്ധപ്പെടുത്തുമെന്ന് വ്യക്തമാക്കുന്നില്ല. പുനരധിവാസം എവിടെ നടത്തുമെന്നും എപ്പോൾ പൂർത്തിയാക്കുമെന്നും കൃത്യതയോടെ പറയുന്നില്ല.
ടൗണ്‍ഷിപ്പ് നിർമാണത്തിന് മേപ്പാടി നെടുന്പാലയിൽ ഹാരിസണ്‍ മലയാളം കന്പനിയുടെയും കൽപ്പറ്റയ്ക്കടുത്ത് എൽസ്റ്റൻ എസ്റ്റേറ്റിന്റെയും കൈവശത്തിലുള്ള ഭൂമിയുടെ ഭാഗമാണ് സർക്കാർ ഏറ്റെടുത്തത്. ടൗണ്‍ഷിപ്പ് നിർമാണം തുടങ്ങുന്നതിന് രണ്ടിടത്തും നിയമസാങ്കേതിക തടസങ്ങൾ നിലനിൽക്കുകയാണ്. നിയമതടസവും മറ്റു പ്രശ്നങ്ങൾ ഇല്ലാത്തതുമായ ഭൂമിയാണ് പുനരധിവാസത്തിന് ഏറ്റെടുക്കേണ്ടിയിരുന്നത്. തടസങ്ങൾ ഒഴിവാക്കുന്നതിൽ എസ്റ്റേറ്റ് മാനേജ്മെന്റുകൾക്കും സർക്കാരിനുമിടയിൽ ലെയ്സണ്‍ വർക്ക് നടക്കുന്നില്ല.
എൽസ്റ്റൻ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിൽ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതം സ്ഥലവും വീടും അനുവദിക്കുമെന്നാണ് സർക്കാർ പറയുന്നത്. അഞ്ച് സെന്റ് പര്യാപ്തമല്ല. 10 സെന്റ് വീതം ഭൂമി ലഭ്യമാക്കണം. ദുരന്തബാധിതരുമായി ആലോചിച്ചാണ് പുനരധിവാസത്തിന് രൂപം നൽകേണ്ടേത്.
എന്നാൽ ഇതുണ്ടായില്ല. അഞ്ച് സെന്റ് നൽകിയാൽ മതിയെന്ന് ആരാണ് തീരുമാനിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ഉരുൾപൊട്ടലിൽ ഗുരുതര പരിക്കേറ്റവർക്ക് തുടർചികിത്സയ്ക്കു സഹായം ലഭിക്കുന്നില്ല. കടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യത്തിനു പരിഹാരമായില്ല. ദൈനംദിന ചെലവിന് ദിവസം 300 രൂപ വീതം അനുവദിച്ചിരുന്നത് മൂന്നു മാസം കഴിഞ്ഞപ്പോൾ നിർത്തി. ഇത് തുടരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ആലോചന ഇപ്പോഴും കഴിഞ്ഞ ലക്ഷണമില്ല. സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാകണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക വിനിയോഗിക്കണം. കേന്ദ്ര സർക്കാരിന്റെ അവഗണനയും പ്രകടമാണ്. പ്രധാനമന്ത്രി ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയിട്ടും പ്രത്യേക പാക്കേജ് അനുവദിച്ചില്ല. ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചത് വൈകിയാണ്. 16 പദ്ധതികൾക്ക് 529 കോടി രൂപ വായ്പ അനുവദിച്ചത് മാർച്ച് 31നകം വിനിയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ്.
കേന്ദ്ര അവഗണയ്ക്കെതിരേ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ 24,25 തീയതികളിൽ എൽഡിഎഫ് ജില്ലാ ഘടകം രാപകൽ സമരം നടത്തുകയാണ്. കേന്ദ്ര സർക്കാരിനെതിരേ സമരം ചെയ്യാൻ എൽഡിഎഫിന് അവകാശമുണ്ട്. സംസ്ഥാന സർക്കാരിനെതിരെയുംഎൽഡിഎഫ് സമരത്തിനിറങ്ങണമെന്ന് യു.ഡിഎഫ് നേതാക്കൾ പറഞ്ഞു