ഫ്രാൻസിസ് മാർപാപ്പയ്ക്ക് യുഎസിലെ പരമോന്നത ബഹുമതി
Monday, January 13, 2025 10:17 AM IST
വാഷിംഗ്ടൺ ഡിസി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ച് പ്രസിഡന്റ് ജോ ബൈഡൻ. വിശിഷ്ടം എന്നുകൂടി ചേർത്താണ് ഈ മെഡൽ മാർപാപ്പയ്ക്കു നല്കുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
ശബ്ദമില്ലാത്തവർക്കും ദുർബലർക്കും പാവപ്പെട്ടവർക്കും വേണ്ടി ശബ്ദമുയർത്തുന്ന നേതാവാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ചോദ്യങ്ങൾക്ക് സന്തോഷത്തോടെ മറുപടി നല്കുന്ന അദ്ദേഹം ജനകീയ മാർപാപ്പയാണ്.
ഭൂമിയുടെ സമാധാനത്തിനും സംരക്ഷണത്തിനുമുള്ള പോരാട്ടങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ നമ്മെ നയിക്കുന്നതായും ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. വിശുദ്ധ കുർബാന മുടക്കാത്ത ഉറച്ച കത്തോലിക്കാവിശ്വാസിയായ ബൈഡൻ പലവട്ടം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന റോമാ സന്ദർശനത്തിനിടെ വത്തിക്കാനിലെത്തി മാർപാപ്പയെ കാണാൻ ബൈഡൻ പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ലോസ് ആഞ്ചലസ് നഗരത്തിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോമാ സന്ദർശനം ബൈഡൻ റദ്ദാക്കി.
ബൈഡൻ ശനിയാഴ്ച ഫോണിൽ ഫ്രാൻസിസ് മാർപാപ്പയോടു സംസാരിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സന്ദർശനം റദ്ദാക്കേണ്ടിവന്നതിൽ അദ്ദേഹം ക്ഷമചോദിച്ചു.