ഹഷ് മണി കേസ്: ട്രംപിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി
Saturday, January 11, 2025 10:13 AM IST
വാഷിംഗ്ടൺ: ഹഷ് മണി കേസിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശ്വാസമായി കോടതി വിധി. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ട്രംപിനെ ശിക്ഷയിൽ നിന്നും നിരുപാധികം ഒഴിവാക്കി.
ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചനാണ് വിധി പുറപ്പെടുവിച്ചത്. ഫലത്തിൽ ട്രംപ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയുടെയോ ഭീഷണിയില്ലാതെ ട്രംപിനു വൈറ്റ് ഹൗസിൽ ചുമതല ഏറ്റെടുക്കാനാകും.
നിരുപാധികം വിട്ടയയ്ക്കലാണു ട്രംപിനു വിധിച്ച ശിക്ഷ. ട്രംപിനെതിരേ 34 കുറ്റങ്ങളാണു ചുമത്തപ്പെട്ടത്. രണ്ടു മാസത്തോളം വിചാരണ നടന്നു. എല്ലാ കുറ്റങ്ങളിലും കുറ്റക്കാരനായും കണ്ടെത്തിയെങ്കിലും നിരുപാധികം വിട്ടയയ്ക്കൽ ശിക്ഷ വിധിക്കുകയായിരുന്നു.