മന്നം ജയന്തി ആഘോഷിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി
ശങ്കരൻകുട്ടി
Saturday, January 11, 2025 5:30 PM IST
ഹൂസ്റ്റൺ: മന്നം ജയന്തി ആഘോഷിച്ച് ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. സ്റ്റാഫോർഡിലുള്ള ഫിൽഫിലെ റസ്റ്ററന്റിൽവച്ചു എൻഎസ്എസിന്റെ സ്ഥാപക അംഗം അപ്പുനായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയും പുതിയ ഭാരവാഹികൾ ഒത്തുചൊല്ലുകയും പുതിയ പ്രസിഡന്റ് സുനിൽ രാധമ്മയും മറ്റു അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിക്കുകയും ചെയ്തതോടെ മന്നം ജയന്തി സമാരംഭിച്ചു.
സെക്രട്ടറി അഖിലേഷ് നായർ സ്വാഗതം ആശംസിക്കുകയും പുതുതായി കരയോഗത്തിൽ ചേർന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ മനോജ് നായരുടെ അംഗത്വ വിതരണത്തിനുശേഷം കെഎച്ച്എസ് മുൻ പ്രസിഡന്റ് ഹരി ശിവരാമൻ സംസാരിച്ചു.
തുടർന്ന് മുൻ എൻഎസ്എസ് പ്രസിഡന്റ് അജിത് നായർ, മുൻ കെഎച്ച്എസ് പ്രസിഡന്റ് രമ പിള്ള എന്നിവരും സംസാരിച്ചു. കൊച്ചു കുട്ടികളുടെ ഭാരതകേസരിയെക്കുറിച്ചുള്ള പ്രസംഗം വളരെ അർഥവത്തായിരുന്നു. ശ്രീകു നായർ കുട്ടികൾക്കായി ക്വിസ് മത്സരം തയാറാക്കി.