ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പി.പി. ചെറിയാൻ
Friday, January 10, 2025 2:53 AM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2024ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമ പ്രവർത്തകർക്കുള്ള പുരസ്കാരത്തിന് ജോസ് കണിയാലി, ജോയിച്ചൻ പുതുകുളം എന്നിവരും മികച്ച മലയാളി സംഘടനാ പ്രവർത്തനത്തിന് ഐ. വർഗീസും മികച്ച ആതുര ശുശ്രൂഷാ സേവകയ്ക്കുള്ള അവാർഡിന് ഏലിയാമ്മ ഇടിക്കുളയും അർഹരായി. 26ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകർ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, ആതുര സേവന പ്രവർത്തകൻ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നാമനിർദേശങ്ങളിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുത്തത്.ഡോ ഹരി നമ്പൂതിരി, ഡോ.സ്റ്റീവൻ പോട്ടൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഐപിസിഎൻറ്റി കമ്മിറ്റിയാണ് അവാർഡ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ചത്. അമേരിക്കൻ മാധ്യമ പ്രവർത്തകർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്ന ആദ്യ മാധ്യമ സംഘടനയാണ് ഐപിസിഎൻറ്റി. 2024 ഡിസംബർ 31 വരെ ലഭിച്ച നോമിനേഷനുകൾ വിശദമായി വിലയിരുത്തിയതിനു ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്നും ഡോ. ഹരി നമ്പൂതിരി പറഞ്ഞു.
മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി. ജനുവരി 26ന് ഡാളസ് കേരള അസോസിയേഷൻ സമ്മേളന ഹാളിൽ (ഐപിസിഎൻടി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളിൽ) നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും). പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കും.
മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേർ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ടെന്നും അർഹരായവർക്ക് സാമ്പത്തിക സഹായം നൽകാൻ നേതൃത്വം നല്‍കുന്നവരെ ആദരിക്കുന്നത് കടമയാണെന്നും മലയാളി സമൂഹത്തിന് അഭിമാനകരമായ കാര്യമാണിതെന്നും പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
ജനുവരി 26ലെ മാധ്യമ സമ്മേളനം വിജയകരമാക്കുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ജനറല്‍ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറര്‍ ബെന്നി ജോൺ സംഘടനാ ഭാരവാഹികളായ ടി.സി. ചാക്കോ, സാം മാത്യു, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ , അനശ്വർ മാംമ്പിള്ളി, സിജു വി. ജോർജ്, രാജു തരകൻ എന്നിവര്‍ പറഞ്ഞു.