ചെറുകഥ - കവിതാ മത്സരവിജയികൾക്ക് സമ്മാനവിതരണം ശനിയാഴ്ച കൊച്ചിയിൽ
Thursday, January 9, 2025 12:03 PM IST
ന്യൂയോർക്ക്: കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അമേരിക്കയിലെ പ്രമുഖ മലയാളം ഓൺലൈൻ പ്രസിദ്ധീകരണമായ ഇ-മലയാളി ലോക മലയാളികൾക്കായി സംഘടിപ്പിച്ച ചെറുകഥ - കവിതാ മത്സരങ്ങളിലെ വിജയികൾക്ക് ശനിയാഴ്ച കൊച്ചി ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ് (ബാനർജി റോഡ്, കലൂർ).
വൈകുന്നേരം നാലിന് ആരംഭിക്കുന്ന ചടങ്ങിൽ അമേരിക്കൻ മലയാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതാനും സംരംഭകരേയും ആദരിക്കും. എം.കെ. രാഘവൻ എംപി മുഖ്യാതിഥി ആയിരിക്കും.
മുൻ വിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. മോഹൻ കുമാർ, ശാന്തിഗിരി ആശ്രമം സെക്രട്ടറിയും ചിന്തകനുമായ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എഴുത്തുകാരികളായ കെ. രേഖ, ദീപ നിശാന്ത് എന്നിവർ പ്രഭാഷണം നടത്തും.
ചെറുകഥ മത്സരത്തിന് ഒന്നാം സമ്മാനം 50,000 രൂപയും ഫലകവുമാണ്. രണ്ടാം സമ്മാനം 25000 രൂപ. മൂന്നാം സമ്മാനം 15000 രൂപ. ഒന്നാം സമ്മാനം സുരേന്ദ്രൻ മങ്ങാട്ട് (കാകവൃത്താന്തം), ജെസ്മോൾ ജോസ് (ഒറ്റപ്രാവുകളുടെ വീട്) എന്നിവർ പങ്കിട്ടു.
രണ്ടാം സമ്മാനം രാജീവ് ഇടവ(വീട്), സിന്ധു ടിജി (ഓതം) എന്നിവർക്കാണ്. മൂന്നാം സമ്മാനം ദിവ്യാഞ്ജലി പിക്ക് ലഭിച്ചു (നോട്ട്റോക്കറ്റുകൾ). കവിതാമത്സരത്തിനു ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയുമാണ്.
ഒന്നാം സമ്മാനം രാധാകൃഷ്ണൻ കാര്യക്കുളവും (നിന്നോടെനിക്കിഷ്ടമാണ്) ഷിനിൽ പൂനൂരും ( മുഖംമൂടി) പങ്കിട്ടു. രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടി: കോവഡ ഇരിയയിലെ ഇടയക്കുട്ടികൾ.
ചടങ്ങിലേക്ക് ഏവർക്കും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: സുബോധ് മാണിക്കോത്ത് - 99956 11116, ജോർജ് ജോസഫ് - 1 917 324 4907, സാമുവൽ ഈശോ - 1 917 662 1122.