വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ രണ്ടു മൃതദേഹങ്ങള്‍; അന്വേഷണം ആരംഭിച്ചു
Wednesday, January 8, 2025 1:11 PM IST
ഫ്ലോറിഡ: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ്ബ്ല്യു വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11.10 നാണു വിമാനം ലാന്‍ഡ് ചെയ്തത്.
തുടർന്നു നടത്തിയ പതിവ് പരിശോധനയ്ക്കിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളോ ഇവർ എങ്ങനെ വിമാനത്തില്‍ പ്രവേശിച്ചുവെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയത്. ഉടന്‍തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്ലോറിഡ പോലീസിനെ വിവരം അറിയിച്ചു.
ഹൃദയഭേദകമായ കാര്യമാണു സംഭവിച്ചിരിക്കുന്നതെന്നും ഇതെങ്ങനെ നടന്നെന്നു കണ്ടെത്താന്‍ അധികൃതരുമായി സഹകരിക്കുമെന്നും ജെറ്റ്ബ്ല്യു വിമാന അധികൃതര്‍ പറഞ്ഞു.