സ്വിഫ്റ്റ് ഡീലക്സ് പരാജയം : വേളാങ്കണ്ണി സര്‍വീസ് കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസായി ഓപ്പറേറ്റ് ചെയ്യണമെന്ന്
1478055
Sunday, November 10, 2024 7:32 AM IST
ചങ്ങനാശേരി: നിലവില്‍ സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സായി സര്‍വീസ് നടത്തുന്ന വേളാങ്കണ്ണി ബസ് കെഎസ്ആര്‍ടിസി നേരിട്ട് സൂപ്പര്‍ എക്സ്പ്രസായി ഓപ്പറേറ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു. സ്വിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നതില്‍ യാത്രക്കാര്‍ക്ക് അസംതൃപ്തി നേരിടുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിഎസ്-6 എന്‍ജിനായതിനാല്‍ പല ദിവസങ്ങളിലും സെന്‍സര്‍ തകരാറിനെത്തുടര്‍ന്ന് ഈ സര്‍വീസിനു തടസന് നേരിടുന്നതായും യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കെഎസ്-37, കെഎസ്-112 സ്വിഫ്റ്റ് ബസുകളാണ് വേളാങ്കണ്ണി റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ടുവച്ച് ഈ ബസ് കേടായതിനെത്തുടര്‍ന്ന് അവിടെനിന്നു യാത്രക്കാരെ പൊള്ളാച്ചിവരെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് എത്തിച്ചതെന്നു പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ഈ സര്‍വീസ് കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നേരിട്ട് സൂപ്പര്‍ എക്സ്പ്രസായി ഓടിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.
കേരളത്തിലെ പ്രമുഖ സര്‍വീസ് എന്നറിയപ്പെടുന്ന വേളാങ്കണ്ണി സര്‍വീസ് എല്ലാക്കാലത്തും ലാഭകരമായ സര്‍വീസാണ്. സ്വിഫ്റ്റ് ഏറ്റെടുത്ത് ഡീലക്സാക്കിയതോടെയാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്. സൂപ്പര്‍ എക്സ്പ്രസിന് ചാര്‍ജ് 730 രൂപയായിരുന്നു. ഡീലക്സ് ആക്കിയതോടെ ചാര്‍ജ് 870 രൂപയായി വര്‍ധിച്ചതോടെയാണ് യാത്രക്കാര്‍ ഈ സര്‍വീസിനെ കൈവിട്ടു തുടങ്ങിയത്.
പഴനി സര്‍വീസ് ചേര്‍ത്തലയിലേക്ക് മാറ്റാന്‍ നീക്കം?
ചങ്ങനാശേരി ഡിപ്പോയില്‍നിന്നു കോട്ടയം, കുമളി, കമ്പം, തേനി, പെരിയകുളംവഴി പഴനിയിലേക്ക് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ചേര്‍ത്തല ഡിപ്പോയിലേക്ക് നടത്താന്‍ അധികാരതലങ്ങളില്‍ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. ഈ സര്‍വീസ് ചങ്ങനാശേരി ഡിപ്പോയില്‍തന്നെ നിലനിര്‍ത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.