അക്ഷരനഗരിയില്‍ നാടകരാവുകള്‍ക്ക് ഇന്നു തുടക്കം
1478053
Sunday, November 10, 2024 7:32 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രം നടത്തുന്ന ദര്‍ശന പ്രഫഷണല്‍ നാടകമത്സരത്തിന് ഇന്നു തിരശീല ഉയരും. അക്ഷരനഗരിയിലെ നാടകപ്രേമികള്ക്കു വിരുന്നൊരുക്കുന്ന രാവുകള്‍ക്കാണ് ഇന്നു തുടക്കമാകുന്നത്. ചലച്ചിത്രതാരം വിജയരാഘവന് ഇന്ന് 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷതവഹിക്കും.
ഇന്നു മുതല്‍ 19 വരെ നടക്കുന്ന നാടകമത്സരത്തില്‍ ഇന്നു വൈകുന്നേരം 6.15നു തിരുവനന്തപുരം അക്ഷരകല അവതരിപ്പിക്കുന്ന ‘ഹൃദ്യമി ലാവ’ അവതരിപ്പിക്കും. 11നു കൊച്ചിന് നടനയുടെ ‘കാണാപ്പൊന്ന്’, 12ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, 13നു പാലാ കമ്യൂണിക്കേഷന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’, 14നു കൊല്ലം അശ്വതീഭാവന തിയറ്റേഴ്സിന്റെ ‘പാവങ്ങള്‍’,
15നു ഗാന്ധിഭവന് തിയറ്റര്‍ ‘ഇന്ത്യയുടെ യാത്ര’, 16നു തിരുവനന്തപുരം അസിധാരയുടെ ‘പൊരുള്‍’, 17ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന ‘സത്യമംഗലം ജംഗ്ഷന്’, 18നു കൊച്ചിന് സംഘമിത്രയുടെ ‘ഇരട്ട നഗരം’, 19നു കാളിദാസ കലാകേന്ദ്രത്തിന്റെ ‘അച്ഛന്’ എന്നിവയാണു മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് നാടകങ്ങള്‍.
നാടകമേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം 5.45ന് അനുബന്ധ പരിപാടികള്‍ ഉണ്ടായിരിക്കും. ആറാമത് എന്‍.എന്‍. പിള്ള സ്മാരക പ്രഭാഷണം ഡോ. ജോസ് കെ. മാനുവല്‍ നടത്തും. ജന്മശതാബ്ദി സ്മരണയില്‍ തോപ്പില്‍ ഭാസിയെ ആര്‍ട്ടിസ്റ്റ് സുജാതനും കാമ്പിശേരി കരുണാകരനെ പ്രഫ. തോമസ് കുരുവിളയും ഒ. മാധവനെ എം. മനോഹരനും അനുസ്മരിക്കും.
മണ്മറഞ്ഞുപോയ നാടകപ്രവര്‍ത്തകരെ ആദരിക്കുന്ന സ്മൃതിദര്‍പ്പണ്‍ പരിപാടിയില്‍ എം.സി. കട്ടപ്പനയെ കോട്ടയം പദ്മനും ബാലന് മേനോനെ ജോര്‍ജ് ജോണും ഓണംതുരുത്ത് രാജശേഖരനെ യേശുദാസും കെ.സി. കട്ടപ്പനയെ സുരേന്ദ്രന് കുറവിലങ്ങാടും കെപിഎസി തമ്പിയെ ബിനോയി വേളൂരും അനുസ്മരിക്കും.
മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷൻ എവറോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും. മികച്ച ജനപ്രിയ നാടകം, മികച്ച രചന, സംവിധാനം, നടന്, നടി, സഹനടന്‍, സഹനടി, ഹാസ്യനടന്, സംഗീതം, ഗാനരചന എന്നിവയ്ക്ക് കാഷ് അവാര്‍ഡും ഫലകവും നൽകും. പ്രവേശനം സൗജന്യം.