കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ജംഗ്ഷൻ പരാധീനതകളുടെ നടുവിൽ
1477929
Sunday, November 10, 2024 5:38 AM IST
ഓടയിൽ വീണ് അധ്യാപികയ്ക്കു പരിക്ക്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് ജംഗ്ഷൻ എന്നും പരാധീനതകളുടെ നടുവിലാണ്. ബസ് സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങിപ്പോകുന്ന ഭാഗത്തേയും കയറിപ്പോകുന്ന ഭാഗത്തേയും ഓടയിലെ വെള്ളം ഒഴുകിപ്പോകാന്‍ സാധിക്കാത്ത തരത്തില്‍ അടഞ്ഞു കിടക്കുകയാണ്. ഓടയിലൂടെ വെള്ളം ഒഴുകാന്‍ കഴിയാത്തതിനാല്‍ ദേശീയപാതയില്‍ വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതിയാണ്.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വെള്ളം കടകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്ന അവസ്ഥയാണ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ടൗണിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തിയെങ്കിലും ബസ് സ്റ്റാന്‍ഡിന് മുന്പിലെ ഓട നവീകരിക്കാന്‍ ദേശീയപാത വിഭാഗവും പഞ്ചായത്തും തയാറായിട്ടില്ല.
ബസ് സ്റ്റാന്‍ഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗം തകര്‍ന്ന നിലയിലായിട്ട് മാസങ്ങളായി. ഇറങ്ങി പോകുന്ന ഭാഗത്ത് ഓടയ്ക്കു മുകളിലൂടെ സ്ഥാപിച്ച സ്ലാബില്‍ ബസിന്റെ അടി ഇടിക്കുന്ന നിലയിലാണ്. പലയിടങ്ങളിലും ടാറിംഗും കോണ്‍ക്രീറ്റും തകര്‍ന്നു. ദേശീയപാതയിൽ നിന്നു സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്ത് കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നു പോകാൻ കഴിയുന്ന വീതിയേ ഉള്ളു.
ഈ ഭാഗത്ത് മുന്‍പു കോൺക്രീറ്റിംഗാണ് ചെയ്തിരുന്നത്. ഇതു തകർന്നതോടെ കോൺക്രീറ്റിംഗിനു മുകളിൽ ടാർ ചെയ്താണ് റോഡു നന്നാക്കിയത്. ഇപ്പോൾ ഈ ടാറിംഗും അടിയിലെ കോൺക്രീറ്റിംഗും തകർന്ന നിലയിലാണ്. ബസുകൾ കടന്നു പോകുമ്പോൾ കുഴികളിൽ ചാടിയും ബസിന്റെ അടിവശം ഇടിച്ചും റോഡു കൂടുതൽ തകരുന്ന സ്ഥിതിയാണ്. ബസ് സ്റ്റാൻഡിലേക്കു ബസ് കയറി വരുന്ന ഇടുങ്ങിയ വഴിയിൽ ഇരുവശത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ, ടൂവീലറുകൾ, പാഴ്സൽ വാഹനങ്ങൾ എന്നിവയുടെ അനധികൃത പാർക്കിംഗും സ്റ്റാൻഡിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്യുന്ന റോഡിലെ അനധികൃത പാർക്കിംഗും ഒഴിവാക്കി സുരക്ഷിത യാത്രയ്ക്കു സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്കും ബസ് ഉടമകൾ നിവേദനം നൽകിയിരിക്കുന്നു. എന്നാൽ, നടപടികളൊന്നും ആയിട്ടില്ല.
ബസ് സ്റ്റാൻഡിന്റെ തകർച്ചയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് അധ്യാപികയുടെ അപകടം. ബസ് സ്റ്റാൻഡിനു മുന്പിലെ ഓടയിൽ വീണ് അധ്യാപികയ്ക്കു പരിക്ക്. ശക്തമായ വെള്ളമൊഴുക്കുള്ള ഇവിടെ വെള്ളം കയറി കിടന്നതിനാല്‍ ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ല് മാറി കിടന്നത് ശ്രദ്ധയിൽപ്പെട്ടില്ല. ഇതോടെ രണ്ടടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അപകടത്തില്‍ സാരമായ പരിക്കില്ല. അപകടത്തിന് ശേഷം ഗ്രില്‍ പഴയപടി സ്ഥാപിച്ചു.