സംസ്ഥാന വെറ്ററന്‍സ് കായികമേള: കോട്ടയം മുന്നിൽ
1477925
Sunday, November 10, 2024 5:38 AM IST
കോട്ടയം: പാലായിൽ നടക്കുന്ന സംസ്ഥാന വെറ്ററന്‍സ് കായികമേള ആദ്യദിനം പിന്നിട്ടപ്പോള്‍ ആതിഥേയരായ കോട്ടയം 210 പോയിന്റുമായി ഒന്നാം സ്ഥാനത്തും 160 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 130 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനത്തും തുടരുന്നു.
രണ്ടു ദിവസങ്ങളായി നടക്കുന്ന കായികമേളയില്‍ അഞ്ഞൂറില്‍പ്പരം പുരുഷ, വനിതാ കായികതാരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും. 30 വയസ് മുതല്‍ 90 വയസ് വരെയുള്ളവര്‍ ഒരേ മനസോടെ ട്രാക്കിലും ഫീല്‍ഡിലും പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെയാണ് മാറ്റുരയ്ക്കുന്നത്. മത്സരങ്ങള്‍ ഇന്ന് സമാപിക്കും. വൈറ്ററന്‍സ് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ കേരളയാണ് സംസ്ഥാന വൈറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കായികമേള പാലാ നഗരസഭാ ചെയര്മാന് ഷാജു തുരുത്തന് ഉദ്ഘാടനം ചെയ്തു. കെ.എം. മാണി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ജോസ് കെ. മാണി എംപി സംഘാടകര്‍ക്ക് കൈമാറി.
താരങ്ങളായി ഇവര്‍
കെ.സി. ജോസഫിന് മൂന്നു സ്വര്‍ണം
പാലാ വള്ളിച്ചിറ സ്വദേശിയായ കെ.സി. ജോസഫ് 85 വയസിനു മുകളിലുള്ളവരുടെ കാറ്റഗറിയില്‍ നൂറു മീറ്ററിലും നാനൂറ് മീറ്ററിലും എണ്ണൂറ് മീറ്ററിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂള്‍ കാലം മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചപ്പോഴും പരിശീലനം മുടക്കിയിട്ടില്ല.
ഇദ്ദേഹം എന്നും രാവിലെ വീടിനു സമീപം പരിശീലനം നടത്തുന്നുണ്ട്. ദിവസേന അഞ്ചു കിലോമീറ്ററിലധികം ഓടും. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും പാലിക്കുന്നതാണ് തന്റെ വിജയത്തിന് പിന്നിലെന്ന് 86 വയസുകാരനായ അദ്ദേഹം പറയുന്നു.
കെ. വിജയകുമാര്‍
70 വയസ് കാറ്റഗറിയില്‍ പാലക്കാട് ജില്ലയ്ക്കുവേണ്ടി മത്സരിക്കുന്നു. പങ്കെടുത്ത നൂറു മീറ്ററിലും ലോംഗ്ജംപിലും ഒന്നാം സ്ഥാനത്തെത്തി. എട്ടാം ക്ലാസ് മുതല്‍ കായിക രംഗത്തുണ്ട്. കൊളംബോ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വൈറ്ററന്‍സ് ചാമ്പ്യന്‍ഷിപ്പുകളില്‍ ട്രിപ്പിള്‍ ജംപില്‍ പങ്കെടുത്തിട്ടുണ്ട്.
സുന്ദര്‍രാജ്
പാലായില്‍ നടക്കുന്ന സംസ്ഥാന വെറ്ററന്‍സ് കായികമേളയില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് 5000 മീറ്റര്‍ (60 വയസ്) നടത്തത്തില്‍ ഒന്നാമതെത്തി.
അഡ്വ. എം.കെ. അബ്ദുള്‍ സലാം
50 വയസ് കാറ്റഗറിയില്‍ മത്സരിക്കുന്നു. നൂറു മീറ്റര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും ലോംഗ്ജംപ് മത്സരത്തില്‍ 4.17 മീറ്റര്‍ ചാടി ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ് കാലംമുതല്‍ കായിക മേളകളില്‍ സജീവമാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.
ഫിലിപ്പീന്‍സ്, ദുബായി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വെറ്ററന്‍സ് കായികമേളകളില്‍ പങ്കെടുത്തിരുന്നു. ഇന്ത്യക്കുവേണ്ടി വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറാണ്.
വി. കെ. തങ്കമ്മ
പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ വി.കെ. തങ്കമ്മ 70 വയസ് കാറ്റഗറിയിലാണ് മത്സരിച്ചത്. ഇന്നലെ നടന്ന 100 മീറ്ററിലും ലോംഗ് ജംപിലും സ്വര്‍ണം നേടി. പത്തനംതിട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായി വിരമിച്ചു.
ചൈന,ശ്രീലങ്ക, ദുബായ് തുടങ്ങി വിവിധ രാജ്യങ്ങളിലെ വെറ്ററന്‍സ് കായിക മേളയില്‍ പങ്കെടുത്തിട്ടുണ്ട്. വെറ്ററന്‍സ് കായിക മേളയിലെ ലോംഗ്ജംപ് മീറ്റ് റിക്കാര്‍ഡിന് ഉടമയാണ്.
പി.കെ. ജോസ്
കോട്ടയം കുടമാളൂര്‍ സ്വദേശി. 80 വയസ് കാറ്റഗറിയില്‍ 100 മീറ്ററില്‍ ഒന്നാമതെത്തി. കുടമാളൂര്‍ മോര്‍ണിംഗ് വാക്കേഴ്സ് ക്ലബ് സജീവ അംഗമാണ്. കുടമാളൂര്‍ ജിഎച്ച്എസ് ആയിരുന്നു പരിശീലന സ്ഥലം. സിങ്കപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നടന്ന വെറ്ററന്‍സ് കായിക മേളയില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്.
1968 മുതല്‍ കായികരംഗത്ത് സജീവമാണ്. 92 ല്‍ ബാംഗ്ലൂരിൽ നടന്ന ഏഷ്യന്‍ വെറ്ററന്‍സ് കായിക മേളയിലും പങ്കെടുത്ത് വിജയിയായിട്ടുണ്ട്.
പി. സാവിത്രി
തിരുവനന്തപുരം ജില്ലയ്ക്കായാണ് മത്സരിച്ചത്. പാലക്കാട് ബിഎസ്എന്‍എല്‍ ജീവനക്കാരിയായി വിരമിച്ചു. 80 വയസ് വിഭാഗത്തിലാണ് മത്സരിക്കുന്നത്. 1000 മീറ്റര്‍ നടത്തത്തിലും 100 മീറ്റര്‍ ഓട്ടത്തിലും ഒന്നാമതെത്തി.