ലോറിയില്‍ കൊണ്ടുപോയ ഗോതമ്പുചാക്കുകൾ വീണ് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു
1477921
Sunday, November 10, 2024 5:38 AM IST
കോട്ടയം: റെയില്‍വേ സ്റ്റേഷനില്‍നിന്നും എഫ്സിഐ ഗോഡൗണിലേക്ക് ലോറിയില്‍ കൊണ്ടുപോയ ഗോതമ്പുചാക്കുകൾ റോഡില്‍ വീണു ഗതാഗത തടസം സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു എംസി റോഡില്‍ കോട്ടയം പള്ളിപ്പുറത്ത് കാവിനുസമീപം മയൂരി ഷോറൂമിനു മുന്നിലായിരുന്നു സംഭവം.
കോട്ടയം റെയില്‍വേ ഗുഡ്സ് ഷെഡില്‍നിന്നും ലോറിയില്‍ കൊണ്ടുപോയ ഗോതമ്പ് നിറച്ച ചാക്കുകളാണു റോഡില്‍ പതിച്ചത്. അട്ടിയടുക്കി കയര്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് കൊണ്ടുപോയത്. കയര്‍ തെന്നിമാറി ചാക്കുകെട്ടുകള്‍ ഓരോന്നായി റോഡില്‍ വീഴുകയായിരുന്നു.
വഴിയാത്രക്കാര്‍ ബഹളം വച്ചതോടെ ലോറി നിര്‍ത്തിയെങ്കിലും നിരവധി ചാക്കുകള്‍ റോഡില്‍ വീണിരുന്നു. ചാക്കു പൊട്ടി ഗോതമ്പ് വഴിയില്‍ വീണതോടെ വാഹനഗതാഗതവും മുടങ്ങി. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകാന്‍ നന്നേ പാടുപെട്ടു.
വെസ്റ്റ് പോലീസും ചുമട്ടുതൊഴിലാളികളും സമീപത്തെ വിവിധ വ്യാപാരികളും സ്ഥലത്തെത്തി ചാക്ക് കെട്ടുകള്‍ റോഡിന്റെ വശങ്ങളിലേക്ക് നീക്കി. ഈസമയം എംസി റോഡില്‍ വന്‍ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അറുപതില്‍പ്പരം ചാക്കുകള്‍ റോഡില്‍ വീണിരുന്നു.
റോഡില്‍ നിരന്നുകിടന്ന ഗോതമ്പ് വേറെ ചാക്കുകളില്‍ നിറച്ചശേഷമാണു വാഹനഗതാഗതം പുനഃസ്ഥാപിക്കാനായത്. ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് ഗോതമ്പ് ചാക്കുകള്‍ തിരികെ ലോറിയിലേക്കു കയറ്റിയത്. ഈ സമയമത്രയും എംസി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.