മണര്‍കാട്: നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ സൺഷേഡ് ഇടിഞ്ഞുവീണു കാല്‍കുടുങ്ങി തൂങ്ങിക്കിടന്ന തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശി സുനിലി (46)നെയാണു രക്ഷപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു.
മണര്‍കാട് 16-ാം വാര്‍ഡ് മാന്താറ്റില്പടിയില് നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡാണ് ഇടിഞ്ഞുവീണത്. ക്രെയിനിന്റെയും റോപ്പിന്റെയും സഹായത്തോടെയാണു സുനിലിനെ അഗ്നിശമന സേന താഴെയിറക്കിയത്. പരിക്കേറ്റ സുനിലിനെ അഗ്നിശമനസേനയും മറ്റു രണ്ടുപേരെ നാട്ടുകാരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.