എരുമേലി: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ കയറുന്ന റോഡിൽ മാർഗതടസം സൃഷ്ടിച്ചു കാർ പാർക്ക് ചെയ്തത് മൂലം ഗതാഗതക്കുരുക്ക് നീണ്ടത് മണിക്കൂറുകളോളം. ഇന്നലെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം.
വിവിധ റൂട്ടുകളിലേക്ക് പോകാനുള്ള ബസുകൾക്ക് കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടി. കാർ ഉടമ വാഹനം പാർക്ക് ചെയ്ത ശേഷം സ്ഥലം വിട്ടിരുന്നു. ബസുകൾക്ക് കടന്നുപോകാൻ തടസമായതോടെ പ്രധാന റോഡിൽ കുരുക്ക് നീളുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം കാർ മാറ്റിയതോടെയാണ് തടസം മാറിയത്. സംഭവത്തിൽ പോലീസ് ഇടപെടൽ വൈകിയാണ് ഉണ്ടായതെന്ന് പരാതി ഉയരുകയും ചെയ്തു.