ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ കെട്ടടങ്ങാതെ വിവാദം
1478049
Sunday, November 10, 2024 7:31 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങൾക്ക് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ കെട്ടടങ്ങാതെ വിവാദം.
വിതരണം ചെയ്ത കിറ്റുകളിലെ സാധനങ്ങൾ ഉപയോഗിച്ച് കുന്നന്പറ്റയിൽ താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾ പാചകം ചെയ്ത ഭക്ഷണം കഴിച്ച മൂന്നു കുട്ടികൾക്കു ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതിൽ ഏഴ് വയസുള്ള കുട്ടിയെ വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യക്കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് കുട്ടികൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതു പുറത്തറിഞ്ഞതിനു പിന്നാലെ സിപിഎം പ്രവർത്തകർ മേപ്പാടി ടൗണിൽ ഊട്ടി റോഡ് ഉപരോധിച്ചു.
ഉപയോഗത്തിനു പറ്റാത്ത ഭക്ഷ്യവസ്തുക്കൾ ദുരന്തബാധിതർക്കു വിതരണം ചെയ്തവർക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ മന്ത്രി പി. പ്രസാദ് സന്ദർശിച്ചു.
ദുരന്തബാധിതർക്കു വിതരണം ചെയ്യുന്ന ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അദ്ദേഹം ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് സന്ദർശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ച ചൂരൽമല, മുണ്ടക്കൈ നിവാസികളെ ഭരണകൂടം മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നു അവർ പറഞ്ഞു. ദുരന്തബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.
പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരിയും റവയും അടങ്ങുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിൽ റവന്യു വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ടി. സിദ്ദിഖ് എംഎൽഎ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഉരുൾപൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട എല്ലാ അരുതായ്മകളും ന്യായീകരിക്കാൻ റവന്യു ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന മന്ത്രിയായി കെ. രാജൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഉത്തരവാദിത്തം റവന്യു വകുപ്പിനും ജില്ലാ ഭരണകൂടത്തിനുമാണ്. പഴകിയതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങൾ ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ റവന്യു ഉദ്യോഗസ്ഥർ കൈമാറിയത് അതീവഗുരുതരമായ വിഷയമാണ്.
ദുരന്തബാധിതർക്ക് മോശമായ ഭക്ഷ്യസാധനങ്ങൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാത്തത് റവന്യു വകുപ്പിന്റെ വീഴ്ച മറയ്ക്കാനണ്. വിഷയത്തിൽ എഡിഎമ്മിന്റെ പ്രസ്താവന കുറ്റസമ്മതമാണ്. സെപ്റ്റംബറിൽ വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കളെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയെങ്കിൽ 2018ലെയും 2019ലെയും ആറുമാസ കാലാവധി എഴുതിയ ചാക്കിൽ സൂക്ഷിച്ച അരി, കാലാവധി കഴിഞ്ഞ് വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കണം. ദുരന്തബാധിതർക്ക് പഴകിയ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് മനുഷ്യാവകാശ ലംഘനവും ക്രിമിനൽ കുറ്റവുമാണെന്നും സിദ്ദിഖ് പറഞ്ഞു.