ഉരുൾദുരന്തം: കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവച്ച് സഹായം നൽകണമെന്ന് സച്ചിൻ പൈലറ്റ്
1478046
Sunday, November 10, 2024 7:31 AM IST
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് അർഹമായ സഹായം രാഷ്ട്രീയം മാറ്റിവച്ച് നൽകാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്.
വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. ഉരുൾ ദുരന്തം നടന്നു മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രം സഹായം പ്രഖ്യാപിക്കാത്തത് ദൗർഭാഗ്യകരമാണ്. പ്രിയങ്ക ഗാന്ധിയുടെ ശബ്ദം പാർലമെന്റിൽ ഉയരും. അത് കേരളത്തിനും ഭാരതത്തിനും ഗുണം ചെയ്യും. പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം വോട്ട് കവിയുമെന്നാണ് കരുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പാഠങ്ങൾ ഉൾക്കൊണ്ട് വിഭജനത്തിന്റെയും സ്പർധയുടെയും രാഷ്ട്രിയം അവസാനിപ്പിക്കാൻ ബിജെപി തയാറാകണമെന്നു സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാത്തവരുടേതടക്കം മൃതദേഹങ്ങൾ സംസ്കരിച്ച പുത്തുമലയിൽ സച്ചിൻ പൈലറ്റ് സന്ദർശനം നടത്തി. മൃതകുടീരങ്ങളിൽ ആദരാഞ്ജലിയർപ്പിച്ചു.
ഉരുൾദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഡിഎഫ് നേതാക്കളോട് അദ്ദേഹം ചോദിച്ചറിഞ്ഞു. ചെന്പോത്തറ ഉന്നതിയും പ്രദേശത്തിനടുത്ത് തൊഴിലുറപ്പ് ഇടവും സന്ദർശിച്ച സച്ചിൻ പൈലറ്റ് വോട്ട് അഭ്യർഥന നടത്തി. ടി. സിദ്ദിഖ് എംഎൽഎ, ബി. സുരേഷ്ബാബു, യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കണ്വീനർ ഒ. ഭാസ്കരൻ, പി.കെ. അഷ്റഫ്, ഗൗതം ഗോകുൽദാസ് തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.