ലീസ് കർഷക പട്ടയത്തിന് ഇനിയും താമസമരുത്: സമരസമിതി
1467704
Saturday, November 9, 2024 6:25 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലെ ഫോറസ്റ്റ് ലീസ് കർഷകർക്ക് പട്ടയം അനുവദിക്കാൻ ഇനിയും കാലതാമസമരുതെന്നും പട്ടയം ഉടൻ അനുവദിക്കണമെന്നും സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാലതാമസം ലീസ് കർഷകരോടുള്ള നീതി നിഷേധവും അവഗണനയുമാണ്. ഇതിനെതിരേ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും. ബത്തേരി നിയോജക മണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ഉയർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനാൽ തീരുമാനം എടുക്കാൻ കഴിയാതെ യോഗം മാറ്റി വയ്ക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തീരുമാനം വൈകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നേതൃത്വങ്ങൾ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ലീസ് കർഷകരുടെ തടഞ്ഞുവയ്ക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കാമെന്ന് പറഞ്ഞിട്ട് ആറ് മാസം കഴിഞ്ഞിട്ടും വാക്ക് പാലിച്ചിട്ടില്ല. കർഷകരുടെ അനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക. പട്ടയം ഉടൻ അനുവദിക്കുക, കർഷകരുടെ പേരിൽ വനം വകുപ്പെടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉടൻ നടപ്പാക്കിയില്ലെങ്കിൽ വനം വകുപ്പ് കാര്യാലയത്തിന്ന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ സമരസമിതി തീരുമാനിച്ചു.
വാർത്താസമ്മേളനത്തിൽ സമരസമിതി ചെയർമാൻ കെ.കെ. രാജൻ. വൈസ് ചെയർമാൻ സത്യൻ കോളർ, ജനറൽ സെക്രട്ടറി പി.ആർ. രവീന്ദ്രൻ, ട്രഷറർ സി.എം. ബാലകൃഷ്ണൻ, സമരസമിതി നേതാക്കളായ ടി.പി. ഷാജു, ഒ.എ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.