ബഫർസോണ്‍: ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചത് ജനദ്രോഹപരമെന്ന് യുഡിഎഫ്
1467439
Friday, November 8, 2024 5:54 AM IST
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ബഫർസോണ്‍ നിജപ്പെടുത്തിയതിൽ ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ചത് ജനദ്രോഹപരമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ വന്യജീവിസങ്കേതങ്ങളുടെയും നാഷണൽ പാർക്കുകളുടെയും ബഫർസോണ്‍ നിശ്ചയിച്ചത് പൂർണമായും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ്. 2013 മേയ് എട്ടിലെ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാബിനറ്റ് യോഗത്തിൽ സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള എല്ലാ മനുഷ്യവാസ കേന്ദ്രങ്ങളെയും ഇക്കോ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രൊപ്പോസൽ അയക്കുന്നതിന് തീരുമാനമെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2015 മേയ് 13ന് കേന്ദ്രസർക്കാരിന് നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി.
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങൾ കാലഹരണപ്പെട്ടുപോയത് പിന്നീടുവന്ന പിണറായി വിജയൻ സർക്കാർ പ്രസ്തുത പ്രൊപ്പോസലുകൾ അന്തിമ വിജ്ഞാപനം ആക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് പ്രതികരിക്കാത്തതിനാലാണ്. ആയത് അന്ന് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കി ബഫർസോണ്‍ തീരുമാനമാകുമായിരുന്നു. ആശങ്കകൾക്ക് അടിസ്ഥാനമുണ്ടാകുമായിരുന്നില്ല.
പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ജൻമനാടിനോട് ചെയ്ത കൊലച്ചതിയാണ് ബഫർസോണ്‍ കെണിയായി വയനാട്ടിലെ ജനങ്ങൾക്ക് വിനയായിരിക്കുന്നത്. 2019 ഒക്ടോബർ 31ന് വനം വന്യജീവി വകുപ്പിന്റെതായി പുറത്തുവന്ന ഉത്തരവ് ഇത് സംബന്ധിച്ചുള്ള മുഴുവൻ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്.
അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എങ്ങനെയാണ് യുഡിഎഫ് സർക്കാർ തീരുമാനം അട്ടിമറിക്കപ്പെട്ടതെന്നും ജനവാസ കേന്ദ്രങ്ങളെ ബഫർസോണ്‍ മേഖലയിൽ ഉൾപ്പെടുത്തിയത് എങ്ങനെയുന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അവസാന ഖണ്ഡികയിൽ പറഞ്ഞതനുസരിച്ച് കേരളത്തിൽ പാരിസ്ഥിതിക ദുരന്തങ്ങൾ കണക്കിലെടുത്ത് സംരക്ഷിതപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ഒരു കിലോമീറ്റർ വരെ ഇക്കോസെൻസിറ്റീവ് സോണ്‍ ആയി നിശ്ചയിച്ച് കരട് വിജ്ഞാപന നിർദേശങ്ങൾ തയാറാക്കുന്നതിന് അംഗീകാരം നൽകി.
ആ നിലയിൽ വയനാട് വന്യജീവി സങ്കേതമുൾപ്പടെ 2019 ഡിസംബർ 11ന് സംസ്ഥാനസർക്കാർ ഒരു കിലോമീറ്റർ വരെ അതിർത്തിയിൽ ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് കരടുവിജ്ഞാപനത്തിന് ശിപാർശ അയച്ചു. ഈ സ്ഥിതിയിൽ കേന്ദ്രസർക്കാർ കരടുവിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സുപ്രീംകോടതി കേരള സർക്കാർ ശിപാർശ ചെയ്തത് അതേപടി അംഗീകരിച്ചുകൊണ്ട് ബഫർസോണ്‍ ഒരു കിലോമീറ്റർ എന്നത് ഉറപ്പായും പാലിക്കേണ്ടതാണെന്ന് 2022 ജൂണ്‍ മൂന്നിന് പ്രത്യേക ഉത്തരവിറക്കിയപ്പോഴാണ് കേരളത്തിൽ വിവാദമുണ്ടായത്.
തുടർന്നുണ്ടായ വലിയ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ നൽകിയ റിവ്യു ഹർജികളുടെ അടിസ്ഥാനത്തിൽ 2023 ഏപ്രിൽ 26ന് പുറപ്പെടുവിച്ച വിധി പ്രസ്താവനയിൽ എല്ലാ കരടുവിജ്ഞാപനത്തിലും ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ അത് പുനപരിശോധിക്കാമെന്ന സ്ഥിതിയായി. ജനങ്ങൾക്ക് ആകെ ആശ്വാസകരമായ ആ വിധിയുടെ അടിസ്ഥാനത്തിൽ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കികൊണ്ട് വീണ്ടും ശിപാർശ സമർപ്പിക്കാൻ കേരള സർക്കാരിന് അവസരം ലഭിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ വിവാദങ്ങളും അവസാനിക്കേണ്ടതായിരുന്നു. എന്നാൽ വീണ്ടും ജനവിരുദ്ധ നിലപാട് ആവർത്തിച്ച ഇടതുസർക്കാർ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നൽകിയ ശിപാർശകൾ പിൻവലിച്ച് ജനവാസ മേഖലകളെ ഒഴിവാക്കേണ്ട സ്ഥാനത്ത് അത് ചെയ്യാതെ വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള റവന്യു എൻക്ലോഷറുകൾ (ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ) ഇപ്പോഴും ഒഴിവാക്കിയിട്ടില്ല. ജനവാസ മേഖലകളായ ഈ പ്രദേശങ്ങൾ ഇപ്പോഴും ബഫർസോണായി കേന്ദ്രത്തിന് ശിപാർശ അയച്ചിരിക്കുകയാണ് ഈ സർക്കാർ. വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇത് ശരിവയ്ക്കുകയും ചെയ്തു. വന്യജീവി ആക്രമണം ഏറെ രൂക്ഷമായ വയനാട്ടിൽ വീണ്ടും ബഫർസോണ്‍ കെണിയിൽ ജനങ്ങളെ പെടുത്തി കുരുതി കൊടുക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്.
2024 ഒക്ടോബർ 21ന് വൈൽഡ് ലൈഫ് വാർഡൻ നൽകിയ പ്രസ്താവനയിൽ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. റവന്യു എൻക്ലോഷറുകൾ ബഫർസോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രേഖകളിൽ കാണുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതികളും രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ഒറ്റക്കെട്ടായി നൽകിയ പൂജ്യം ബഫർസോണ്‍ എന്നുള്ള നിലപാട് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
വയനാട് ജില്ലയോട് കാണിച്ച ഈ കൊടിയ വഞ്ചനയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, കിഷോരിലാൽ ശർമ്മ, എംഎൽഎമാരായ സണ്ണി ജോസഫ്, ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ പങ്കെടുത്തു.