തിരുനെല്ലിയിലെ കിറ്റ് ആരോപണം അടിസ്ഥാനരഹിതം; കോണ്ഗ്രസ്
1467707
Saturday, November 9, 2024 6:25 AM IST
മാനന്തവാടി: തിരുനെല്ലി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ശശികുമാറിന്റെ ഉടമസ്ഥതയിലുള്ള മില്ലിൽ നിന്നു വോട്ട് സ്വാധീനിക്കാൻ എന്ന പേരിൽ കിറ്റ് കരുതിവച്ചിട്ടുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച സിപിഎമ്മിന്റെ നീക്കം വലിയ തോതിലുള്ള പരാജയഭീതി മൂലമാണെന്ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ആരോപിച്ചു.
ഒന്നര മാസം മുൻപ് മഹാപ്രളയത്തിനുശേഷം വയനാട്ടിലെ നിരവധി ആളുകൾക്ക് രാഹുൽഗാന്ധിയുടെ സ്വാധീനത്തിലും കർണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റിയുടെ ഇടപെടലിലൂടെയും നിരവധി കിറ്റുകൾ വയനാട്ടിൽ എത്തിക്കുകയുണ്ടായി.
അതിൽ ഉൾപ്പെട്ട കിറ്റുകളാണ് മണ്ഡലം പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നു കണ്ടെടുത്തു എന്ന് പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനുശേഷം ഇത്തരത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ലംഘനമാണ് എന്ന ബോധ്യമുള്ളതുകൊണ്ട് തന്നെയാണ് കിറ്റ് വിതരണം ചെയ്യാതെ അവിടെ ശേഖരിച്ചുവച്ചത്. എന്നാൽ തിരുനെല്ലി ഉൾപ്പെടെ യുഡിഎഫിന്റെ ശക്തമായ മുന്നേറ്റം നടക്കുന്നു എന്ന് തിരിച്ചറിഞ്ഞ സിപിഎം യുഡിഎഫിനെ കരിവാരിത്തേക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥരെ സ്വാധീനിച്ചുകൊണ്ട് നടത്തിയ ഒരു നാടകം മാത്രമാണ് തോൽപ്പെട്ടിയിൽ അരങ്ങേറിയത്.
പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയത്തിൽ ഇടപെട്ടു എന്നത് ദുരൂഹമാണ്.
ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കാനും യുഡിഎഫിനെ കരിവാരിത്തേക്കാനും ശ്രമിച്ചാൽ ചെറുത്ത് തോൽപ്പിക്കുമെന്ന് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ എ.എം. നിശാന്ത് അധ്യക്ഷത വഹിച്ചു.
കെ.വി. ഷിനോജ്, സി.ജെ. അലക്സ്, പി.പി. തോമസ്, സതീഷ് പുളിമൂട്, കെ.ജി. രാമകൃഷ്ണൻ, ഒ.പി. ഹസൻ, ഷംസീർ തോൽപ്പെട്ടി എന്നിവർ പ്രസംഗിച്ചു.