ഇന്ത്യയെ ഇസ്ലാം മതരാഷ്ട്രമാക്കാനുള്ള വഖഫ് നിയമം പിൻവലിയ്ക്കണം: എം.കെ. കുഞ്ഞോൽ
1478446
Tuesday, November 12, 2024 6:22 AM IST
സുൽത്താൻ ബത്തേരി: ഇന്ത്യയെ വിഭജിച്ചു പാക്കിസ്ഥാനെന്ന മതരാഷ്ട്രം രൂപീകരിച്ചു കൊടുത്ത ശേഷം ബാക്കിയുള്ള ഭാരത മണ്ണിനെ കൂടി ശരീയത്ത് നിയമത്തിൽ കുരുക്കുന്നതിനാണ് വഖഫ് നിയമമെന്ന കരിനിയമത്തിന് നെഹ്റും അടിത്തറ പാകിയത്. ഇത് പിൻവലിയ്ക്കുന്നതാണ് ഭാരതത്തിന്റെ നിലനില്പിന് അഭികാമ്യമെന്നും പത്മശ്രീ എം.കെ. കുഞ്ഞോൽ പ്രസ്താവിച്ചു. നെഹ്റുവിന്റെ ഭ്രാന്തമായ വർഗീയ ചിന്തയിൽ ഉയർന്ന മതബോധമാണ് ഇന്ത്യയെ വിഭജിയ്ക്കാനുള്ള പ്രധാന കാരണമെന്ന് സ്വാതന്ത്ര്യ സമര പോരാളി കൂടിയായ കുഞ്ഞോൽ പറഞ്ഞു.
വഖഫ് കരിനിയമത്തിന്റെ അധിനിവേശ ഭീകരതയിൽ നിരാലംബരാകുന്ന കേരളത്തിലെ മുനന്പം, തളിപ്പറന്പ് പ്രദേശങ്ങൾ ഉൾപ്പെടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്കു വേണ്ടി വയനാടൻ ജനതയുടെ ഐക്യദാർഢ്യം അഭ്യർഥിച്ചുകൊണ്ട് ബത്തേരി സ്വതന്ത്ര മൈതാനത്ത് നടന്ന ശ്രദ്ധ ക്ഷണിക്കൽ ഉപവാസ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ജമാ അത്ത് ഇസ്ലാമിയാണ് വഖഫ് നിയമത്തിന്റെ നടത്തിപ്പുകാരെന്ന് മീനങ്ങാടി അദ്വൈതാശ്രമ മഠാധിപതി സ്വാമി ഹംസാനന്ദ പുരി അഭിപ്രായപ്പെട്ടു.
വിഷയങ്ങൾ സൃഷ്ടിച്ചുകൊണ്ട് വർഗീയ ലഹളയ്ക്കുള്ള സാധ്യത തേടി നടക്കുന്നവർക്കെതിരേ ഭാരതീയ ജനത ജാഗ്രത പുലർത്തേണ്ടതുണ്ട്. സാധാരണക്കാരായ മുസ്ലിംകൾ പോലും വഖഫ് നിയമത്തിൽ അകപ്പെട്ടു പോകുന്പോൾ വഖഫ് നിയമം പിൻവലിയ്ക്കണമെന്നു ആവശ്യപ്പെടുന്നവരെ വർഗീയവാദികളാക്കുന്നത് മതഭീകരതയുടെ വക്താക്കളാണെന്നും ഉപവാസ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സ്വാമി ഹംസാനന്ദപുരി പറഞ്ഞു. മുക്കാപ്പുഴ നന്ദകുമാർ (നാഷണൽ ഹിന്ദു ലീഗ് ജനറൽ സെക്രട്ടറി) അധ്യക്ഷത വഹിച്ചു.
ഉപവാസ ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് മലവയൽ (ബിജെപി വയനാട് ജില്ലാ പ്രസിഡന്റ്), അജികുമാർ കരിയിൽ (ബിജെപി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്), മധു (വിശ്വ ഹിന്ദു പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി), എ.എം. ഉദയകുമാർ (ഹിന്ദു ഐക്യ വേദി ഉത്തര കേരള സംഘടനാ സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.