വയനാട്-കണ്ണൂർ ചുരമില്ലാത്ത ബദൽ റോഡ്: കെസിവൈഎം നിവേദനം നൽകി
1478445
Tuesday, November 12, 2024 6:22 AM IST
ആലാറ്റിൽ: വയനാട് - കണ്ണൂർ ചുരമില്ലാത്ത ബദൽ റോഡ് പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ കെസിവൈഎം ആലാറ്റിൽ യൂണിറ്റ് നിവേദനം നൽകി.
പഞ്ചായത്തിന്റെ കീഴിലുള്ള അന്പയത്തോട് നിന്നാരംഭിച്ച് നിക്ഷിപ്ത വനത്തിലൂടെ കടന്ന് തവിഞ്ഞാൽ പഞ്ചായത്തിന് കീഴിലുള്ള തലപ്പുഴ 44-ാം മൈൽ റോഡുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത റോഡാണിത്. ചുരമില്ലാത്ത റോഡ് എന്ന നിലയിൽ നിലവിലെ ചുരം റോഡുകളിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാവും. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളെ വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാനുള്ള സൗകര്യം, കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട്ടുകാർക്ക് എത്തിച്ചേരാനുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ഈ പാത പൂർത്തിയാക്കുന്നതിലൂടെ കൈവരിക്കാനാകും.
പൊതുമരാമത്ത് വകുപ്പിന് പ്രപ്പോസൽ സമർപ്പിക്കുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനും വനം വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. നെടുംപൊയിൽ - പേരിയ ചുരത്തിലെ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും റീ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികളും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് യൂണിറ്റ് സെക്രട്ടറി പേരാവൂർ നിയോജക മണ്ഡലം എംഎൽഎയുടെ പ്രതിനിധിക്ക് നിവേദനം നൽകി.
ഭാരവാഹികളായ ഫാ. സിജു പുത്തൻപുരയിൽ, സിസ്റ്റർ ജെസ്ന എസ്എബിഎസ്, അമൽ മോളത്ത്, ക്ലിന്റോ കൊച്ചുപാറയ്ക്കൽ, നിഖിൽ വടക്കേക്കര, അജിത്ത് നെല്ലിക്കുന്നേൽ, സനിൽ നെല്ലിക്കുന്നേൽ, അഷ്ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, ലിന്റോ പടിഞ്ഞാറേൽ, അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ജെറിൻ കാഞ്ഞിരത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.