സർക്കാർ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു: ജി. സുബോധൻ
1467053
Thursday, November 7, 2024 12:58 AM IST
സുൽത്താൻ ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരേയും ജീവനക്കാരേയും തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ ആരോപിച്ചു.
യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ ബത്തേരി നിയോജക മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു.2021 ജനുവരി മുതൽ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രിൽ മാസവും 2021 ജൂലൈ മുതൽ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബർ മാസത്തിലും അനുവദിച്ചെങ്കിലും എഴുപത്തിയെട്ട് മാസത്തെ കുടിശികയെക്കുറിച്ച് സർക്കാർ ഒന്നും മിണ്ടുന്നില്ല.
മാത്രമല്ല 19 ശതമാനം ക്ഷാമബത്ത മൂന്നുവർഷമായി കുടിശികയാണ്. ഇതുമൂലം ഓരോ ജീവനക്കാരനും മാസംതോറും 5,000 മുതൽ 30,000 രൂപ വരെ കുറവ് വരുന്നു. ഇത്രയധികം കുടിശിക കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ്. സാന്പത്തിക ഞെരുക്കത്തിലാണെന്ന് സർക്കാർ ആണയിട്ട് പറയുന്പോഴും ഉപദേശകരെ നിയമിക്കുകയും വിരമിച്ച ജീവനക്കാരെ പുതിയ തസ്തികകൾ ഉണ്ടാക്കി വീണ്ടും നിയമനം നടത്തുകയും പാർട്ടിക്കാരുടെ കേസുകൾ വാദിക്കുന്നതിന് ലക്ഷങ്ങൾ മുടക്കി വക്കീൽമാരെ നിയമിക്കാനും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനും ആഡംബര ബസിൽ ഉല്ലാസയാത്ര നടത്താനും സർക്കാർ പണം കണ്ടെത്തുന്നു.
2019ലെ പതിനൊന്നാം ശന്പള പരിഷ്കരണ കുടിശിക അഞ്ചു വർഷമായി നൽകാതെയും കഴിഞ്ഞ അഞ്ചുവർഷമായി ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നൽകാതെയും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്നുപറഞ്ഞ് അധികാരത്തിൽ വന്നവർ കമ്മീഷനെ മാറ്റി നിയമിക്കുകയല്ലാതെ പദ്ധതി ഉപേക്ഷിക്കാൻ തയാറായിട്ടില്ല. ജീവനക്കാരെ പറഞ്ഞുപറ്റിച്ചു കൊണ്ടിരിക്കുകയാണ് സർക്കാർ ഇപ്പോഴും. പി. കബീർ, കെ.എ. മുജീബ്, ഷൗക്കുമാൻ, പി.ജെ. ഷൈജു, ഗ്രഹൻ പി. തോമസ്, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.