പ്രധാനമന്ത്രി നേരിട്ടെത്തിയിട്ടും ഉരുൾ ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ചില്ല: പ്രിയങ്ക ഗാന്ധി
1466595
Tuesday, November 5, 2024 1:17 AM IST
വൈത്തിരി: നൂറുകണക്കിനാളുകൾ മരിച്ച വയനാട് ദുരന്തത്തെ പോലും കേന്ദ്രസർക്കാർ രാഷ്ട്രീയ കണ്ണുകളിലൂടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി വയനാട്ടിലെത്തി ദുരന്തബാധിതരുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടും ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം അനുവദിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വൈത്തിരിയിൽ കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തി വയനാട്ടിൽ ജോലിചെയ്യുന്ന തോട്ടം തൊഴിലാളികൾ രേഖകൾ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ട് നേരിടുന്നുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കിട്ടുന്നതിന് ഒരുപാട് ആളുകൾ പ്രയാസം നേരിടുന്നുണ്ട്.
മെഡിക്കൽ കോളജ്, രാത്രി യാത്ര നിരോധനം, വന്യജീവി മനുഷ്യ സംഘർഷം തുടങ്ങിയ വയനാടിന്റെ പ്രശ്നങ്ങളെല്ലാം ഒരുമിച്ച് ചേർന്ന് പരിഹരിക്കണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കണം. കൂടാതെ വയനാടിന്റെ ഭാവിയിലേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കണം.
കാർഷിക മേഖല, ഭക്ഷ്യ സംസ്കരണ സംവിധാനങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ വിപണികൾ, ടൂറിസം മേഖല എന്നിവ ശക്തിപ്പെടുത്തണം. അധികാരം നിലനിർത്താനുള്ള ഉപകരണങ്ങൾ മാത്രമായാണ് ബിജെപി രാജ്യത്തെ ജനങ്ങളെ കാണുന്നത്. ജനങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെ വിത്ത് വിതച്ച് അവർക്കിടയിൽ വെറുപ്പും വിദ്വേഷവും പകയും വളർത്തുകയാണ് ബിജെപി ചെയ്യുന്നത്.
തെരഞ്ഞെടുപ്പുകൾ വരുന്പോൾ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. നിങ്ങളുടെ യഥാർത്ഥ ചോദ്യങ്ങൾക്ക് ആരും മറുപടി നൽകുന്നില്ല. ഉന്നത വിദ്യാഭ്യാസം നേടിയ യുവജനങ്ങൾക്ക് എന്തുകൊണ്ടാണ് തൊഴിൽ ലഭിക്കാത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.