ശിശുദിനാഘോഷം: ബെറ്റിന ഫിലോമിന ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രി
1466593
Tuesday, November 5, 2024 1:17 AM IST
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതിയും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളിൽ മരിയനാട് എഎൽപിഎസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ബെറ്റിന ഫിലോമിന ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രിയാവും.
നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അമിൻഷ പ്രസിഡന്റും കല്ലോടി സെന്റ് ജോസഫ് യുപി സ്കൂളിലെ എ.എസ്. ആൽഫിൻ ജോർജ് സ്പീക്കറുമാകും. 14ന് കൽപ്പറ്റയിൽ നടക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും നേതാക്കൾ നയിക്കും. ഉദയഗിരി ജിഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആൻജലീന മരിയ വിൻസന്റ്, തരിയോട് സെന്റ് മേരീസ് യുപി സ്കൂളിലെ നിവേദ് ക്രിസ്റ്റി ജെയ്സണ് എന്നിവർ ശിശുദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കും. ജില്ലാതല പ്രസംഗ മത്സര വിജയികളിൽ നിന്നാണ് നേതാക്കളെ തെരഞ്ഞെടുത്തത്.
എൽപി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ദ്വാരക എയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ആൽഫിയ മനു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ പങ്കെടുക്കും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. രാജൻ, വൈസ് പ്രസിഡന്റ് ശാരദാ സജീവൻ, ജോയിന്റ് സെക്രട്ടറി സി.കെ. ഷംസുദീൻ, ട്രഷറർ കെ. സത്യൻ, നിർവാഹക സമിതി അംഗങ്ങളായ പി.ആർ. ഗിരിനാഥൻ, എം. ബഷീർ, ഗീത രാജഗോപാലൻ, സി. ജയരാജൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.