മോണിറ്ററിങ് വിസിറ്റിംഗ് നടത്തി
1466591
Tuesday, November 5, 2024 1:17 AM IST
കൽപ്പറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ദുരിതത്തിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങളെ ഉപജീവന പദ്ധതികളിലൂടെ സഹായിക്കുന്നതിന് മാനന്തവാടി രൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായി മോണിറ്ററിംഗ് വിസിറ്റ് നടത്തി.
കാത്തലിക് റിലീഫ് സർവീസസുമായി സഹകരിച്ച് 300 കുടുബങ്ങൾക്കാണ് ഉപജീവനം കണ്ടെത്തുന്നതിന് സാന്പത്തിക സഹായം നൽകുക. ഇതിന്റെ ഭാഗമായി വയനാട് സോഷ്യൽ സോഷ്യൽ സർവീസ് സൊസൈറ്റി പ്രവർത്തകർ ഓരോ ഗുണഭോക്താവിനെയും നേരിൽകണ്ട് അവരുടെ വിവര ശേഖരണം നടത്തുകയും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പ് വയ്ക്കുകയും ചെയ്തിരുന്നു. ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതിന് മുന്നോടിയായാണ് സന്ദർശനം. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് ക്രത്യമായി പാലിച്ചുകൊണ്ടാണോ നടപ്പാക്കിയത്, തുടങ്ങുവാൻ ഉദ്ദേശിക്കുന്ന വരുമാന വർധക പരിപാടിക്ക് ആവശ്യമായ അടിസ്ഥാന സൗകാര്യങ്ങൾ ഉണ്ടോ എന്നിവ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
കാത്തലിക് റിലീഫ് സർവീസിലെ ടെക്നിക്കൽ കണ്സൾട്ടന്റ് പി.കെ. കുര്യൻ, ഫിനാൻസ് ഓഫീസർ സി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പടിഞ്ഞാറത്തറ, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിൽ മോണിറ്ററിംഗ് സന്ദർശനം നടത്തിയത്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ, ഫീൽഡ് കോ ഓർഡിനേറ്റർമാരായ ആലീസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.