കാലാവസ്ഥാ ഉച്ചകോടി: ദരിദ്രരാഷ്ട്രങ്ങൾക്ക് വർഷം ലക്ഷം കോടി ഡോളറിന്റെ സഹായം വേണ്ടിവരുമെന്ന്
Thursday, November 14, 2024 10:44 PM IST
ബാക്കു: ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും ശുദ്ധോർജത്തിലേക്കു മാറാനുമായി ദരിദ്രരാഷ്ട്രങ്ങൾക്ക് 2030-ഓടെ ഒരു ലക്ഷം കോടി ഡോളർ വച്ച് ഓരോ വർഷവും വേണ്ടിവരുമെന്ന് അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
2025 ആകുന്പോഴേക്കും വർഷം 1.3 ലക്ഷം കോടി ഡോളർ വച്ചോ അതിൽ കൂടുതലോ വേണ്ടിവരാമെന്നും ക്ലൈമറ്റ് ഫിനാൻസിനെക്കുറിച്ച് സ്വതന്ത്ര ഉന്നതതല വിദഗ്ധരുടെ സംഘം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച ആരംഭിച്ച ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം ദരിദ്രരാജ്യങ്ങൾക്കുള്ള ധനസഹായമാണ്. വർഷം 10,000 കോടി ഡോളറിന്റെ ധനസഹായത്തിന് 2022ൽ അംഗീകാരം നല്കിയിരുന്നു. അതേസമയം, ധനസഹായത്തിന്റെ ഭൂരിഭാഗവും വായ്പയായിട്ടാണു ദരിദ്രരാജ്യങ്ങൾക്കു ലഭിക്കുന്നത്.
ഈ രീതിക്കു മാറ്റം വരണമെന്ന ആവശ്യവും ബാക്കു ഉച്ചകോടിയിൽ സജീവമാണ്.