പാക്കിസ്ഥാനിൽ സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു
Sunday, November 10, 2024 1:03 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലായിരുന്നു സംഭവം.
ഇന്നലെ രാവിലെ ഒന്പതിന് ക്വെറ്റയിൽനിന്ന് പെഷവാറിലേക്കു പുറപ്പെടുന്ന ജഫാർ എക്സ്പ്രസ് ട്രെയിനിൽ കയറാൻ യാത്രക്കാർ തിരക്കു കൂട്ടുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനു വാദിക്കുന്ന ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) എന്ന തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പരിശീലനം പൂർത്തിയാക്കി ക്വെറ്റയിലെത്തിയ പാക് സൈനികരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അറിയിച്ചു. മരിച്ചതിൽ 14 പേർ സൈനികരാണ്.
ലഗേജുമായിട്ടാണ് ചാവേർ സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. 6-8 കിലോഗ്രാം വസ്തുക്കൾ സ്ഫോടനത്തിന് ഉപയോഗിച്ചതായി കരുതുന്നു. ഉഗ്രസ്ഫോടനത്തിൽ സ്റ്റേഷനിൽ വലിയ നാശമുണ്ടായി.
ബിഎൽഎ തീവ്രവാദികൾ ബലൂചിസ്ഥാനിലെ പട്ടാള, പോലീസ് ആസ്ഥാനങ്ങളിൽ പതിവായി ആക്രമണം നടത്താറുണ്ട്.