ലൈംഗികാരോപണം: ഐസിസി പ്രോസിക്യൂട്ടർക്ക് എതിരേ അന്വേഷണം
Sunday, November 10, 2024 1:03 AM IST
ന്യൂയോർക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെതിരായ ലൈംഗികപീഡന ആരോപണത്തിൽ അന്വേഷണത്തിനു തീരുമാനം.
കോടതിയുടെ ഗവേണിംഗ് കൺസിലാണ് തീരുമാനമെടുത്ത്. അന്വേഷണകാലയളവിൽ ഖാൻ പദവിയിൽനിന്നു മാറിനിൽക്കാനും നിർദേശിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടത് കരീം ഖാൻ ആയിരുന്നു. ഹമാസ് നേതാക്കൾക്കെതിരേയും അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടിരുന്നു. ഐസിസി ഇക്കാര്യം പരിഗണിച്ചുവരികയാണ്.
മേയിലായിരുന്നു ഖാൻ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് ലൈംഗികാരോപണം പുറത്തുവന്നത്. ഐസിസി ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചതെന്നു സൂചനയുണ്ട്.
ഐസിസിയുടെ ആഭ്യന്തര അന്വേഷണസമിതി ആരോപണം പരിഗണിച്ചിരുന്നു. എന്നാൽ, സമിതിയിൽ വിശ്വാസം പോരാതിരുന്ന യുവതി ഔദ്യോഗികമായി പരാതി നല്കാൻ വിസമ്മതിച്ചു. കഴിഞ്ഞമാസം ഐസിസിയുടെ ഗവേണിംഗ് സമിതി ആരോപണം പരിഗണിച്ചു.
ഖാനെതിരേ അന്വേഷണം നടത്താനുള്ള തീരുമാനം വ്യാഴാഴ്ചയാണ് ഉണ്ടായത്. ഐസിസിക്കു പുറത്തുള്ള ഏജൻസിയായിരിക്കും അന്വേഷണം നടത്തുകയെന്നു സൂചനയുണ്ട്.
ഖാൻ അടക്കമുള്ള ഐസിസി ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇസ്രയേർ ദീർഘകാലമായി ചോർത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.